ന്യൂഡൽഹി : പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ‘ഓപറേഷൻ സിന്ദൂറി’ന് പിന്നാലെ സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, വിവിധ കക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
യോഗത്തിൽ ഓപറേഷൻ സിന്ദൂറിനു ശേഷമുള്ള അതിർത്തിയിലെ സ്ഥിതിഗതികളും ചർച്ചയാകും. സർവകക്ഷി യോഗത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ അജിത് ഡോവൽ പ്രധാനമന്ത്രിയോടു വിശദീകരിച്ചു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും 9 ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്.
പുലർച്ചെ 1.05 മുതൽ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയതെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മിസൈൽ ആക്രമണത്തിനു തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എൽഒസി) ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഷെൽ ആക്രമണമാണ് നടന്നത്. പാക്ക് ഷെൽ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു സൈനികനും കൊല്ലപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.