എന്റെ ഒരു മകൻ രക്തസാക്ഷിയായി, ഭാരതമാതാവിനുവേണ്ടി പൊരുതാൻ എനിക്കിനി രണ്ട് ആൺമക്കൾ കൂടിയുണ്ട്’– കശ്മീരിൽ നിയന്ത്രണരേഖയിൽ പാക്ക് സേന നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ദിനേശ് കുമാർ ശർമയുടെ (32) പിതാവ് ദയാറാം ശർമ സൈനികരായ തന്റെ ഇളയ മക്കളെ ചേർത്തുനിർത്തി പറഞ്ഞു. അഞ്ചുമക്കളിൽ മൂന്നുപേരെയും രാജ്യസേവനത്തിന് അയച്ച അച്ഛൻ, മകന്റെ മൃതദേഹത്തിനുമുന്നിൽ ഒരുതവണപോലും വിതുമ്പിയില്ല ഇന്നലെ. ഒരു കയ്യിൽ ഒന്നര വയസ്സുകാരനായ കൊച്ചുമകനെയും മറുകയ്യിൽ മകനെ പുതപ്പിച്ചെത്തിയ ദേശീയപതാകയുടെ ഒരറ്റവും പിടിച്ചുകൊണ്ടുനിന്ന ദയാറാമിന്റെ ഇരുകൈകൾക്കും ബലമേകി ഇന്ത്യയിലെ 140 കോടി ആളുകളുടെ കൈകളും ചേർന്നു നിൽപുണ്ടായിരുന്നു.
കരഞ്ഞുതളർന്ന നാട്ടിലേക്കല്ല, നാടിനു വേണ്ടിയുള്ള വീരമൃത്യുവിൽ അഭിമാനം പേറുന്ന മണ്ണിലേക്കാണ് ഇന്നലെ ഉച്ചയോടെ ദിനേശ് കുമാറിന്റെ മൃതദേഹമെത്തിയത്. നാലുമാസം മുൻപ് ലാൻസ് നായിക് റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ എടുത്ത പട്ടാള യൂണിഫോം ധരിച്ച മകന്റെ ചിത്രത്തിനു മുന്നിൽനിന്ന് ആദ്യം ‘ഭാരത് മാതാ കീ ജയ്’ വിളിച്ചത് ദയാറാമായിരുന്നു.കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തിയ ദിനേശ് കുമാർ ജനുവരിയിലാണ് ജമ്മുവിലെ പൂഞ്ചിലേക്കു മടങ്ങിയത്. പിന്നാലെ സ്ഥാനക്കയറ്റവും ലഭിച്ചു. ഹരിയാന ഹൈക്കോടതി അഭിഭാഷക സീമ ശർമയാണു ഭാര്യ. കാവ്യയും (7) ഒന്നര വയസ്സുകാരൻ ദർശനും മക്കൾ. നാലുമാസം ഗർഭിണിയാണു സീമ. ‘ദിനേശിന് എന്നും രാജ്യം ഒന്നാമതും കുടുംബം രണ്ടാമതുമായിരുന്നു. എന്റെ ഭർത്താവിന്റെ മരണത്തിനു രാജ്യം പകരം ചോദിക്കുമെന്നെനിക്കുറപ്പുണ്ട്’ – സീമ ശർമ പറഞ്ഞു.വൈകിട്ട് 4.50ന് സൈനിക ബഹുമതികളോടെയും ഹരിയാന പൊലീസിന്റെ ആദരത്തോടെയും ലാൻസ് നായിക് ദിനേശ് കുമാർ ശർമയ്ക്കു രാജ്യം വിടചൊല്ലി, സാക്ഷിയായി പുരുഷാരം ജയ് വിളിച്ചു ‘ഹമാരാ ബേഠാ അമർ ഹേ’.സൈനിക ബഹുമതികളോടെയും ഹരിയാന പൊലീസിന്റെ ആദരത്തോടെയും ലാൻസ് നായിക് ദിനേശ് കുമാർ ശർമയ്ക്കു രാജ്യം വിടചൊല്ലി
0
വെള്ളിയാഴ്ച, മേയ് 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.