കെ.സുധാകരനു സംസ്ഥാനങ്ങളുടെ ചുമതല നൽകിയേക്കില്ല : ക്രൗഡ് പുള്ളറായ സുധാകരന്റെ സാന്നിധ്യം തിരഞ്ഞെടുപ്പു പ്രചാരണത്തിനു പരമാവധി ഉപയോഗിക്കാമെന്നാണു കണക്കുകൂട്ടൽ

തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ട കെ.സുധാകരനു സംസ്ഥാനങ്ങളുടെ ചുമതല നൽകിയേക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നാണ് എഐസിസി സുധാകരനു നൽകിയ അനൗദ്യോഗിക നിർദേശം. സംസ്ഥാനത്തു പ്രവർത്തിക്കാനാണ് സുധാകരനും താൽപര്യം. ക്രൗഡ് പുള്ളറായ സുധാകരന്റെ സാന്നിധ്യം തിരഞ്ഞെടുപ്പു പ്രചാരണത്തിനു പരമാവധി ഉപയോഗിക്കാമെന്നാണു കണക്കുകൂട്ടൽ. പ്രവർത്തക സമിതി അംഗങ്ങളായ കെ.സി.വേണുഗോപാൽ സംഘടനാ ചുമതലയും രമേശ് ചെന്നിത്തല മഹാരാഷ്ട്രയുടെ ചുമതലയുമാണ് വഹിക്കുന്നത്. പാർലമെന്ററി തിരക്കുകൾ കാരണം കൊടിക്കുന്നിൽ സുരേഷിനും ശശി തരൂരിനും ചുമതലകൾ നൽകിയിട്ടില്ല. വിശ്രമ ജീവിതം നയിക്കുന്ന എ.കെ. ആന്റണിയും പ്രവർത്തക സമിതിയിൽ അംഗമാണ്.

ഇന്നലെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായുള്ള ചർച്ചയിൽനിന്നു വിട്ടുനിന്നത് അസംതൃപ്തി കാരണമല്ലെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും സുധാകരനുമായി അടുപ്പമുള്ളവർ പറയുന്നു. ചൊവ്വാഴ്ച യോഗം നടത്താമെന്ന് തിങ്കളാഴ്ചയാണു തീരുമാനിച്ചത്. വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം യോഗത്തിന് എത്താനാകില്ലെന്ന് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ദിരാഭവനിലെത്തിയ കെ.സി. വേണുഗോപാലിനോടു സുധാകരൻ പറഞ്ഞിരുന്നു. കുറച്ചു ദിവസത്തേക്കു പരസ്യ പ്രതികരണങ്ങൾക്കില്ലെന്നാണ് സുധാകരന്റെ നിലപാട്.
അധ്യക്ഷ പദവിയിൽനിന്നു മാന്യമായ പടിയിറക്കമാണ് പാർട്ടി തനിക്കു നൽകിയതെന്നാണ് സുധാകരൻ കരുതുന്നത്. കേരളത്തിൽ ജീവിച്ചിരിക്കുന്ന 11 മുൻ കെപിസിസി അധ്യക്ഷന്മാരിൽ, അധ്യക്ഷ പദവി ഒഴിഞ്ഞതിനുപിന്നാലെ പ്രവർത്തക സമിതി അംഗത്വം ലഭിച്ച ഒരേയൊരാൾ സുധാകരൻ മാത്രമാണ്. രാഹുൽ ഗാന്ധിയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തപ്പോൾ വരണാധികാരി ആയിരുന്ന മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനു പോലും സ്ഥാനമൊഴിഞ്ഞപ്പോൾ കിട്ടാത്ത അംഗീകാരമാണ് സുധാകരനു ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ ക്യാംപ് ചൂണ്ടിക്കാട്ടുന്നു.

മുൻ കെപിസിസി അധ്യക്ഷന്മാരിൽ പ്രവർത്തക സമിതി അംഗത്വം ലഭിച്ചിട്ടുള്ളത് എ.കെ.ആന്റണിക്കും വയലാർ രവിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ്. ആ നിരയിലേക്കാണ് സുധാകരനും എത്തിയിരിക്കുന്നത്. കെ.കരുണാകരനും ഉമ്മൻ ചാണ്ടിയും പ്രവർത്തക സമിതി അംഗങ്ങാളിയിരുന്നുവെങ്കിലും കെപിസിസി അധ്യക്ഷന്മാരായിരുന്നില്ല. കഴിഞ്ഞ 3 മാസത്തിനിടെ 7 പിസിസി അധ്യക്ഷന്മാരാണ് ആകെ മാറിയത്. ഇതിൽ സുധാകരൻ സ്ഥാനമൊഴിഞ്ഞപ്പോൾ മാത്രമാണ് നിർഭയനായ പോരാളിയെന്നു വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ യാത്രയയപ്പ് കുറിപ്പ് എഴുതിയതെന്നും സുധാകരനുമായി അടുപ്പമുള്ള നേതാക്കൾ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !