ന്യൂഡൽഹി : ആദംപുർ വ്യോമതാവളം ആക്രമിച്ചെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെ തകർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമതാവളം സന്ദർശിച്ച പ്രധാനമന്ത്രി വ്യോമ പ്രതിരോധ സംവിധാനമായ എസ്-400നു മുന്നിൽ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം പുറത്തുവന്നു.
ആദംപുരിലുള്ള വ്യോമസേനാ താവളത്തിലെ റൺവേയിൽ മിസൈലുകൾ പതിച്ചതായും ഒരു വർഷത്തേക്ക് ആ താവളത്തെ പ്രവർത്തനരഹിതമാക്കിയതായും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ വ്യോമതാവളത്തിനു ഒന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാം ഇവിടെ തന്നെ ഉണ്ടെന്നും വ്യക്തമാക്കുന്നതാണ് എസ്–400നു മുന്നിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം.ചൈനീസ് നിർമിത ജെഎഫ്-17 യുദ്ധവിമാനങ്ങൾ അവിടെ വിന്യസിച്ചിരുന്ന റഷ്യൻ നിർമിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനം നശിപ്പിച്ചതായാണു പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. യുദ്ധവിമാനങ്ങളും റഡാർ സ്റ്റേഷനുകളും നശിപ്പിച്ചതായും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ 60 ഇന്ത്യൻ സൈനികരെ വധിച്ചെന്നും പാക്കിസ്ഥാൻ അവകാശവാദം ഉയർത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ കള്ളം പറയുകയാണെന്നു സർക്കാർ വൃത്തങ്ങൾ ചൊവ്വാഴ്ച തന്നെ ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആദംപുർ താവളത്തിന്റെ മോർഫ് ചെയ്ത ഉപഗ്രഹ ചിത്രങ്ങൾ പാക്ക് സൈന്യം ചില തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാൻ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ബുധനാഴ്ചയായിരുന്നു ആദംപുർ ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ആദംപുരിലെ സൈനികരുമായി പ്രധാനമന്ത്രി സംവദിക്കുമ്പോൾ പിന്നിൽ എസ്–400 കാണാം. ഈ ചിത്രങ്ങളും ദൃശ്യങ്ങളും പാക്കിസ്ഥാനുള്ള ശക്തമായ സന്ദേശം കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.