കുവൈത്ത് സിറ്റി: നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ ശ്രീകണ്ഠപുരം നടുവിൽ സൂരജ് (40), ഡിഫൻസ് ആശുപത്രിയിൽ നഴ്സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂർ കൂഴൂർ കട്ടക്കയം ബിൻസി (35) എന്നിവരാണു മരിച്ചത്.വഴക്കിനെ തുടർന്ന് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം.പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളു. ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ സൂരജ് അയച്ചതായി റിപ്പോർട്ടുണ്ട്. ഇതാണ് ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നിൽ. എന്നാൽ, ദമ്പതികൾ പരസ്പരം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പ്രചരിച്ചത്.മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ ജലീബ് അൽ ഷുയൂഖിലാണു സംഭവം. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികൾ പബ്ലിക് പ്രോസിക്യൂഷനു മൊഴി നൽകി. പൊലീസ് പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന്, വാതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു.
നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. ഇവർക്കിടയിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനത്തിനു പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. നാട്ടിൽ പഠിക്കുന്ന മക്കളെ അവധിയായതിനാൽ കഴിഞ്ഞ മാസം കുവൈത്തിൽ കൊണ്ടുവന്നിരുന്നു.ഇവരെ തിരികെ വിട്ട ശേഷം 4 ദിവസം മുൻപാണ് സൂരജ് മടങ്ങിയെത്തിയത്. കുടുംബം ഓസ്ട്രേലിയിലേക്കു കുടിയേറാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നതായി നാട്ടിലെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ണൂരിലെത്തിക്കാനാണു ശ്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.