ന്യൂഡൽഹി : സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പൊലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെഷാവ് നദിയിലേക്ക് ചാടിയ ഇംത്യാസ്, നീന്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടർന്നു മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനമുണ്ട്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഇംത്യാസിന്റെ മരണത്തിൽ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി.‘‘കുൽഗാമിലെ നദിയിൽനിന്നു മറ്റൊരു മൃതദേഹം കണ്ടെടുത്തു, ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. രണ്ടു ദിവസം മുൻപ് ഇംത്യാസ് മഗ്രേയെ സൈന്യം പിടികൂടിയതായും ഇപ്പോൾ ദുരൂഹസാഹചര്യത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം നദിയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ ആരോപിക്കുന്നു.’’– മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സുരക്ഷാ സേന വൃത്തങ്ങൾ പറഞ്ഞു.സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു
0
തിങ്കളാഴ്ച, മേയ് 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.