ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂരിന്റെ പശ്ചാത്തലവും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടവും വിശദീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏഴ് പ്രതിനിധി സംഘങ്ങള്‍ രൂപീകരിച്ചു. യുഎന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാന പങ്കാളി രാജ്യങ്ങള്‍ ഈ സര്‍വ്വകക്ഷി സംഘങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം അവസാനത്തോടെയാകും സന്ദര്‍ശനം. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെ നേരിടുന്നതിനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തോടുള്ള സമീപനം സര്‍വ്വകക്ഷി സംഘങ്ങള്‍ ഉയര്‍ത്തിക്കാട്ടും. ഭീകരവാദത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത രാജ്യത്തിന്റെ ശക്തമായ സന്ദേശം അവര്‍ ലോകത്തിന് മുന്നില്‍ എത്തിക്കുമെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രാലയം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഏഴ് സംഘങ്ങളില്‍ ഒന്നിനെ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ നയിക്കും. വിവിധ പാര്‍ട്ടികളില്‍നിന്നുള്ള പ്രതിനിധികളാണ് ഓരോ സംഘത്തേയും നയിക്കുന്നത്. രവി ശങ്കര്‍ പ്രസാദ് (ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെ.ഡി.യു), ബൈജയന്ത് പാണ്ഡെ (ബി.ജെ.പി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എന്‍സിപി), ശ്രീകാന്ത് ഏക്നാഥ് ഷിന്ദേ (ശിവസേന) എന്നിവരാണ് മറ്റു ആറ് പ്രതിനിധി സംഘത്തെ നയിക്കുക. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയ വ്യക്തികള്‍, നയതന്ത്രജ്ഞര്‍ എന്നിവര്‍ ഓരോ പ്രതിനിധി സംഘത്തിന്റെയും ഭാഗമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.അതേസമയം, പാര്‍ട്ടി നിര്‍ദ്ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട് പ്രതിനിധി സംഘത്തിലേക്ക് ആളുകളെ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കോണ്‍ഗ്രസ് നല്‍കിയത് നാലുപേരടങ്ങുന്ന പട്ടികയാണ്. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്, രാജാ ബ്രാര്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലേക്ക് നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞദിവസം രാവിലെയാണ് അംഗങ്ങളെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്. അതുപ്രകാരം പ്രതിപക്ഷ നേതാവ് 16-ന് വൈകിട്ടോടെ നാലുപേരെ നിര്‍ദേശിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ലിസ്റ്റില്‍ ശശി തരൂരിന്റെ പേരില്ല. കോണ്‍ഗ്രസ് നിര്‍ദ്ദേശമില്ലാതെ തന്നെ തരൂരിനെ പ്രതിനിധി സംഘത്തിന്റെ നേതാവാക്കി വിദേശത്തേക്ക് അയയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
ഏറ്റവും നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ ഭാരതം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. 'ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്ന നമ്മുടെ പൊതുവായ സന്ദേശവുമായി ഏഴ് സര്‍വ്വകക്ഷി സംഘങ്ങള്‍ ഉടന്‍ പ്രധാന പങ്കാളി രാജ്യങ്ങള്‍ സന്ദര്‍ശിക്കും. രാഷ്ട്രീയത്തിന് അതീതമായി, വ്യത്യാസങ്ങള്‍ക്കപ്പുറം, ദേശീയ ഐക്യത്തിന്റെ ശക്തമായ പ്രതിഫലനമാണിത്.' മന്ത്രി എക്സില്‍ കുറിച്ചു.
അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ഗള്‍ഫ് മേഖലകളടക്കമുള്ള അന്‍പതോളം രാജ്യങ്ങളിലേക്കാണ് പാര്‍ലമെന്ററി-നയതന്ത്ര സംഘം പോവുകയെന്നാണ് വിവരം. പാകിസ്താന് ഭീകരത, ഇന്ത്യ-പാക് സംഘര്‍ഷത്തിലെ യഥാര്‍ഥചിത്രം തുറന്നുകാട്ടുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.