ന്യൂഡൽഹി : കശ്മീരിലെ അവന്തിപുരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. പ്രദേശത്ത് രണ്ടു ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്മീർ പൊലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
അവന്തിപുരിലെ നാദേർ, ട്രാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഈ മാസം 13ന് ജമ്മു കശ്മീരിലെ ഷോപിയാനിൽ 3 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്‌രൂ കെല്ലെർ മേഖലയിൽ നടന്ന ‘ഓപ്പറേഷൻ കെല്ലെർ’ ദൗത്യത്തിൽ ലഷ്കർ കമാൻഡറും പല ഭീകരാക്രമണക്കേസുകളിൽ പ്രതിയുമായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്നാൻ ഷാഫി ധർ എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.തിരച്ചിലിനെത്തിയ സൈന്യത്തിനു നേരെ ഭീകരർ വെടിവയ്ക്കുകയും തിരിച്ചടിയിൽ മൂവരും കൊല്ലപ്പെടുകയുമായിരുന്നു. ഷോപിയാനിലെ ചോതിപോര ഹീർപോര സ്വദേശിയായ ഷാഹിദ് 2023 മാർച്ചിലാണു ലഷ്കറെ തയിബയിൽ ചേർന്നത്. സൈന്യം തിരഞ്ഞിരുന്ന ഏറ്റവും കുപ്രസിദ്ധരായ ഭീകരരിൽ ഒരാളാണ് ഷാഹിദ്. പഹൽഗാം ആക്രമണത്തിനു പിന്നിലുള്ള ടിആർഎഫിന്റെ ഭാഗമായും ഇയാൾ പ്രവർത്തിച്ചിരുന്നതായി സംശയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.