മുംബൈ : ആർതർ റോഡ് ജയിലിലുള്ള കുറ്റവാളി പൊലീസ് അകമ്പടിയോടെ പുറത്തിറങ്ങി ഭീഷണിപ്പെടുത്തിയെന്ന വ്യവസായി അമിത് മത്കറിന്റെ പരാതിയിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. 40 കിലോ ലഹരിമരുന്ന് കൈവശം വച്ച കേസിൽ അറസ്റ്റിലായ ഇമ്രാൻ ഖാൻ, കഴിഞ്ഞ 16നു കോടതിയിലേക്കു പോകുംവഴി പൊലീസ് വാഹനത്തിൽനിന്നിറങ്ങി മഹാലക്ഷ്മിക്കടുത്ത് സാത് രസ്തയിലുള്ള തന്റെ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയെന്നാണു വ്യവസായി അഗ്രിപാഡ സ്റ്റേഷനിൽ പരാതിപ്പെട്ടത്.
മാസ്ക് ധരിച്ച്, ബൈക്ക് ഓടിച്ചാണ് ഇമ്രാൻ ഖാൻ എത്തിയതെന്നും ഭീഷണിപ്പെടുത്തിയതിനുശേഷം പൊലീസ് ജീപ്പിലാണു പ്രതി പോയതെന്നും പരാതിയിൽ പറയുന്നു. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) കാംനഗർ സേന വൈസ് പ്രസിഡന്റ് ആണ് അമിത് മത്കർ. പൊലീസ് ആദ്യം കേസെടുക്കാൻ വിസമ്മതിച്ചെന്നും പ്രതി ഓഫിസിലെത്തി ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയതോടെയാണു പരാതി സ്വീകരിച്ചതെന്നും വ്യവസായി പറഞ്ഞു. 2017ൽ തനിക്കെതിരെയുണ്ടായ വധശ്രമക്കേസിൽ കുറ്റാരോപിതനായ ആളുമായി ഇമ്രാൻ ഖാന് ബന്ധമുണ്ടെന്നാണ് മത്കറിന്റെ വാദം. കോടതിയിലേക്കു കൊണ്ടുപോകവെ ഒരു സുഹൃത്തിനെ കണ്ടിട്ടുവരാമെന്നു പറഞ്ഞാണ് ഇമ്രാൻ പൊലീസുകാരെ ഒഴിവാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേയ് 16ന് ഇയാൾ എത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. 2017ലെ കേസിന്റെ കാര്യങ്ങൾ പറഞ്ഞായിരുന്നു ഭീഷണി.അന്ന് തന്നെ ആക്രമിച്ചവരിൽ ഒരാളായ പ്രായപൂർത്തിയാകാത്തയാൾ 2013ലെ ശക്തി മിൽ കൂട്ടബലാത്സംഗ കേസിലെ പ്രതിയാണ്. ഈ കേസ് പിൻവലിക്കണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. അടുത്തിടെ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതികളെ മത്കർ തിരിച്ചറിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഭീഷണി ഉണ്ടായതെന്ന് മത്കർ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.