ന്യൂഡല്‍ഹി: ഭാര്യയുടെ വിവാഹേതരബന്ധം തെളിയിക്കാനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി വൈഭവ് പ്രതാപ് സിങ് ആണ് സൈന്യത്തിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ആരോപണവിധേയരായവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉയര്‍ത്തിക്കാണിച്ചായിരുന്നു കോടതി ആവശ്യം നിരാകരിച്ചത്.
ഭാര്യയ്ക്ക് മേജറായ മറ്റൊരു ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്നും ഇത് തെളിയിക്കാനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരനായ മേജറുടെ ആവശ്യം. ജനുവരി 25,26 തീയതികളില്‍ ഭാര്യയോടൊപ്പം ഇയാളും ഹോട്ടലിലുണ്ടായിരുന്നതായും അതിനാല്‍ ഈ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുമാണ് ഹര്ജിക്കാരന് പറഞ്ഞിരുന്നത്. അതേസമയം, ഭാര്യയുടെ വിവാഹേതരബന്ധം ആരോപിച്ച് ഹര്ജിക്കാരന് വിവാഹമോചനത്തിന് കേസ് ഫയല്‍ചെയ്തിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയോ ആരോപണവിധേയനായ മേജറെയോ കക്ഷിചേര്‍ത്തിരുന്നില്ല.ഹര്‍ജി പരിഗണിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ മൂന്നുമാസത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ലെന്നും അതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമാകില്ലെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ കോടതിയില്‍ പറഞ്ഞത്. അതേസമയം, അതിഥികളുടെ വിവരങ്ങളും ദൃശ്യങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ടതും അതിഥികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതും ഹോട്ടല്‍ അധികൃതരുടെ ചുമതലയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.ഹര്‍ജിക്കാരന്റെ വിവാഹതര്‍ക്കത്തില്‍ കക്ഷിയല്ലാത്ത ഹോട്ടല്‍ അധികൃതര്‍ക്ക് അവരുടെ അതിഥികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട ബാധ്യതയില്ലെന്നും കോടതി വിലയിരുത്തി. സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ ബുക്കിങ് രേഖകളും രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും കോടതി വ്യക്തമാക്കി.
പരപുരുഷ, പരസ്ത്രീ ബന്ധവുമായി ബന്ധപ്പെട്ട് 2018-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് ഭാരതീയ ന്യായസംഹിത നടപ്പിലാക്കിയപ്പോള്‍ വ്യഭിചാരക്കുറ്റം ഒഴിവാക്കിയെന്നും ലിംഗവിവേചനത്തിനും പുരുഷാധിപത്യ വീക്ഷണങ്ങള്‍ക്കും ആധുനിക ഭാരതത്തില്‍ സ്ഥാനമില്ലെന്നാണ് ഇത് കാണിച്ചുനല്‍കുന്നതെന്നും കോടതി പറഞ്ഞു.കോടതികള്‍ സ്വകാര്യതര്‍ക്കങ്ങള്‍ അന്വേഷിക്കാനുള്ള സ്ഥാപനമല്ലെന്നും ആഭ്യന്തരനടപടിക്രമങ്ങളില്‍ തെളിവുകള്‍ ശേഖരിക്കാനുള്ള മാര്‍ഗമല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. പരാതിക്കാരന് 1950-ലെ ആര്‍മി ആക്ട് പ്രകാരം പരിഹാരമാര്‍ഗങ്ങള്‍ തേടാമെന്നും ആഭ്യന്തര അന്വേഷണസംവിധാനങ്ങളെ മറികടക്കാനുള്ള സംവിധാനമായി കോടതിയെ ഉപയോഗിക്കാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി. ഗ്രഹാം ഗ്രീനിന്റെ നോവലായ 'ദി എന്‍ഡ് ഓഫ് ദി അഫയറി'ലെ വാക്കുകളും വിധിന്യായത്തില്‍ കോടതി പരാമര്‍ശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.