വനംവകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് എന്നീ സന്നദ്ധ സംഘടനകളും സൗത്ത് വയനാട് വനം ഡിവിഷനിൽ നടത്തിയ സർവേയിൽ 90 ഇനം തുമ്പികളെ കണ്ടെത്തി.
2 മുതൽ 4 വരെ വൈത്തിരി, കുറുവ, ബാണാസുര, കുറിച്യർമല, വെള്ളരിമല, തൊള്ളായിരം കണ്ടി, ചെമ്പ്ര എന്നിങ്ങനെ ഏഴു ക്യാംപുകളിലായി 20 പേർ ചേർന്നു നടത്തിയ പഠനത്തിലാണു തുമ്പികളെ കണ്ടെത്തിയത്. അപൂർവവും തദ്ദേശീയവുമായ ഒട്ടേറെ തുമ്പികളെ കണ്ടെത്താനായത് ഈ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം എടുത്തുകാണിക്കുന്നതാണെന്ന് ഗവേഷകർ പറഞ്ഞു.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നീലഗിരി മലമുത്തൻ (ക്ലോറോഗോമ്ഫസ് കാമ്പിയോണി), വർണനിഴൽത്തുമ്പി (പ്രോട്ടോസ്റ്റിക്റ്റ സെക്സ്കളറാറ്റ), മഴക്കാടുകളിലെ മരപ്പോടുകളിൽ മാത്രം പ്രജനനം നടത്തുന്ന മഞ്ഞവരയൻ വർണത്തുമ്പി (ലൈറിയോതെമിസ് ഫ്ലാവ) എന്നിവയാണ് സർവേയിലെ പ്രധാന കണ്ടെത്തലുകൾ. ഈ സർവേ ഫലത്തിനൊപ്പം വയനാട്ടിൽ രണ്ട് വർഷത്തിലേറെയായി തുമ്പികളുടെ വൈവിധ്യം പഠിക്കുന്ന ഗവേഷകരുടെ കണ്ടെത്തലുകളും സംയോജിപ്പിക്കുമ്പോൾ സൗത്ത് വയനാട് വനം ഡിവിഷനിലെ തുമ്പിയിനങ്ങളുടെ എണ്ണം 104 ആയി ഉയർന്നു.
പ്രജനനത്തിനായി ശുദ്ധജല സ്രോതസ്സുകളെ ആശ്രയിക്കുന്ന തുമ്പികളുടെ സമ്പന്നമായ വൈവിധ്യം ഇവിടത്തെ ആവാസവ്യവസ്ഥകളുടെ മികച്ച ആരോഗ്യത്തെ സൂചിപ്പിക്കുന്നതായും ഗവേഷകർ പറയുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ സർവേ ഉദ്ഘാടനം നിർവഹിച്ചു. സി.കെ. വിഷ്ണുദാസ്, പി.കെ. മുനീർ, സായൂജ് രവി, വിവേക് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.