തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ചീഫ് സെക്രട്ടറി, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. 7.50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി രാജ്ഭവനിലേക്ക് പുറപ്പെട്ടു.പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. നാളെ പാങ്ങോട് ആർമി ക്യാമ്പിലെത്തി എയർഫോഴ്സിൻ്റെ വിമാനത്തിലായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തെത്തിച്ചേരുക.
പ്രധാനമന്ത്രിയുടെ വരവിൽ തിരുവനന്തപുരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് കുറച്ചുനാളായി ബോംബ് ഭീഷണി സന്ദേശങ്ങൾ വരുന്നത് കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ ഉൾപ്പടെ വ്യാപക പരിശോധനകളാണ് നടക്കുന്നത്.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം നാളെ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി നാടിനു സമർപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. എന്നാൽ ആദ്യഘട്ടത്തിൽ ക്ഷണിച്ചില്ലെന്ന വിവാദത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിപാടിയിൽ നിന്നും വിട്ടുനിൽക്കും.
വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം ഒരുക്കിയ വേദിയിലാണ് പരിപാടി നടക്കുന്നത്. എസ്പിജി സംഘത്തെയും സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. കടലിലും പ്രത്യേക സുരക്ഷ ഒരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.