ബഹമാസില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങളുമായി നടി മീര ജാസ്മിന്‍. കറുത്ത മാക്സി ഡ്രെസും വെളുത്ത ഷൂസും തലയില്‍ തൊപ്പിയുമായി, ബഹാമാസിലെ മനോഹരമായ കടല്‍ത്തീരങ്ങളില്‍ നില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ മീര പങ്കുവച്ചിട്ടുണ്ട്. ബഹാമാസിന്‍റെ തലസ്ഥാന നഗരമായ നാസോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ന്യൂ പ്രൊവിഡൻസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് കൊളോണിയല്‍ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ്.പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച നഗരമാണ് നാസോ. ഡച്ച് രാജകുമാരനായ വില്യം നാസോയുടെ പേരില്‍ നിന്നാണ് നഗരത്തിന് പേര് ലഭിച്ചത്. പിന്നീട് ബഹാമസ് ഒരു ബ്രിട്ടീഷ് കോളനിയായതോടെ നാസോ അതിന്‍റെ തലസ്ഥാനമായി, ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഇന്ന് ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. സുഖകരമായ കാലാവസ്ഥയും മനോഹരമായ കടൽത്തീരവും വൈവിധ്യമാർന്ന ഉഷ്ണമേഖലാ സസ്യജാലങ്ങളുമെല്ലാം ചേര്‍ന്നു നാസോയെ സഞ്ചാരികളുടെ പറുദീസയാക്കുന്നു.
ക്യൂൻസ് സ്റ്റെയർകേസ്, ഫിൻകാസ്ൽ കോട്ട, വാട്ടർ ടവർ, ഷാർപ്പെറ്റ് കോട്ട, ജുങ്കനൂ ബീച്ച് തുടങ്ങിയവയാണ് നാസോയിലെ മുഖ്യ ആകർഷണങ്ങൾ. ദ്വീപിന്‍റെ കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന സമുദ്രാന്തര ഉദ്യാനം (Submarine Garden) ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. അതേപോലെ, വൈക്കോൽ ഉപയോഗിച്ച് കൈകൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ, സുവനീറുകൾ, ആഭരണങ്ങൾ എന്നിവ ലഭിക്കുന്ന വൈക്കോല്‍ മാര്‍ക്കറ്റ് കൗതുകകരമാണ്.പതിനെട്ടാം നൂറ്റാണ്ടിൽ അടിമകൾ ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്ത 66 പടികൾ ആണ് ക്യൂൻസ് സ്റ്റെയർകേസ് എന്നറിയപ്പെടുന്നത്, ഇത് ഫോർട്ട് ഫിൻകാസിലിലേക്ക് നയിക്കുന്നു. 1700 കളിൽ നാസോ കടൽക്കൊള്ളക്കാരുടെ സങ്കേതമായിരുന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന പൈറേറ്റ്സ് ഓഫ് നാസോ മ്യൂസിയം എല്ലാ സഞ്ചാരികള്‍ക്കും അവിസ്മരണീയ അനുഭവമാണ്. 1700 കളുടെ തുടക്കത്തിൽ, ബ്ലാക്ക്ബേർഡ്, കാലിക്കോ ജാക്ക് തുടങ്ങിയ കുപ്രസിദ്ധ കടൽക്കൊള്ളക്കാരുടെ വാസസ്ഥലമായിരുന്നു നാസോ.കരീബിയനിലെ ഏറ്റവും തിരക്കേറിയ ക്രൂയിസ് തുറമുഖങ്ങളിൽ ഒന്നാണിത്, ഇവിടം പ്രതിവർഷം 3 ദശ ലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യുന്നു. സെൻട്രൽ സിറ്റിയിലെ ഏറ്റവും തിരക്കേറിയ ഭാഗം ബേ സ്ട്രീറ്റ് പാതയും വുഡ്സ് റോജേഴ്‌സ് വാക്കുമാണ്. നാസോയെ പാരഡൈസ് ദ്വീപുമായി ഒരു പാലം മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. കടൽത്തീര സുഖവാസകേന്ദ്രമായ പാരഡൈസ് ദ്വീപിൽ നിരവധി ഹോട്ടലുകൾ സ്ഥിതിചെയ്യുന്നുണ്ട്. ഈ പാലം കടന്ന് ലോകപ്രശസ്തമായ അറ്റ്ലാന്റിസ് റിസോർട്ടിലെത്താം. ഇത് വെറുമൊരു ഹോട്ടൽ മാത്രമല്ല, വാട്ടർ പാർക്കുകൾ, അക്വേറിയങ്ങൾ, കാസിനോകൾ, ആഡംബര ഷോപ്പിങ് എന്നിവയുള്ള ഒരു ഫാന്റസി ലാൻഡ് ആണ്. അറ്റ്ലാന്റിസ് പാരഡൈസ് ദ്വീപിൽ ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ഡോർ അക്വേറിയങ്ങളിൽ ഒന്ന് സ്ഥിതിചെയ്യുന്നു, ഇത് 11 ദശലക്ഷം ഗാലണിലധികം വെള്ളം ഉൾക്കൊള്ളുന്നു. മാത്രമല്ല, 6,000 ത്തിലധികം ബഹാമിയക്കാർ ജോലി ചെയ്യുന്ന ഈ മെഗാ റിസോർട്ട് സർക്കാരിന് പുറത്തുള്ള ഏറ്റവും വലിയ തൊഴിൽദാതാവാണ്.
ഫ്ലോറിഡയിലെ മിയാമിയാണ് നാസോയ്ക്കടുത്തായുള്ള പ്രധാന യുഎസ് നഗരം. മിയാമിയിൽ നിന്നു 50 മിനിറ്റ് മാത്രം വിമാനയാത്ര ചെയ്താല്‍ ഇവിടെയെത്താം. വലിയ കപ്പലുകൾക്കടുക്കാവുന്ന ഒരു ഹാർബറും ഒരു രാജ്യാന്തര വിമാനത്താവളവും നാസോയിൽ പ്രവർത്തിക്കുന്നുണ്ട്.ഹോളിവുഡ് സെലിബ്രിറ്റികളായ ജോണി ഡെപ്പ്, ബിയോൺസെ, ഷോൺ കോണറി തുടങ്ങിയ താരങ്ങളെല്ലാം നസ്സാവുവിലോ അതിനടുത്തോ വീടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഒട്ടേറെ സിനിമകള്‍ക്കും ഷോകള്‍ക്കും ഇവിടം വേദിയായിട്ടുണ്ട്. സ്റ്റാർസ് നെറ്റ്‌വർക്ക് ഷോയായ ബ്ലാക്ക് സെയിൽസിന്‍റെ പ്രധാന വേദി നാസോയായിരുന്നു. ബീറ്റിൽസ് ചിത്രമായ ഹെൽപ്പ്, ജെയിംസ് ബോണ്ട് ചിത്രങ്ങളായ തണ്ടർബോൾ, നെവർ സേ നെവർ എഗെയ്ൻ, കാസിനോ റോയൽ എന്നിവയും ആഫ്റ്റർ ദി സൺസെറ്റ്, ഇന്‍ ടു ദി ബ്ലൂ, ഫ്ലിപ്പർ എന്നിങ്ങനെ നിരവധി സിനിമകളിൽ നാസോ ഒരു പ്രധാന പശ്ചാത്തലമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ജൂൺ മുതൽ നവംബർ വരെ ചുഴലിക്കാറ്റ് സീസണാണെന്ന് ഓർമിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.