കൊച്ചി :റാപ്പർ വേടൻ കഞ്ചാവ് കേസിൽ പ്രതിയായതിനു പിന്നാലെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താൻ തീരുമാനം.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ചയാണ് വേടന്റെ സംഗീത പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വേടനു പിന്തുണയുമായി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും രംഗത്തെത്തി.വേടനെ േകരളം സംരക്ഷിക്കുമെന്നും വനംവകുപ്പ് ഇരട്ടത്താപ്പ് വകുപ്പാകരുതെന്നും ഇവർ പ്രതികരിച്ചു. ഇടുക്കി വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടില്‍ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 29നായിരുന്നു വേടന്റെ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽ 28ന് വേടൻ അറസ്റ്റിലായി. ഇതോടെ പരിപാടി തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പുലിപ്പല്ലു കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തതോടെ പൊതുജനാഭിപ്രായം വേടന് അനുകൂലമായി തിരിഞ്ഞിരുന്നു.
ഇതിനു പിന്നാലെ വനംമന്ത്രിയും ഉദ്യോഗസ്ഥരെ പഴിചാരി രംഗത്തെത്തി. പുലിപ്പല്ലു കേസിൽ നടപടികൾ കൃത്യമായി ചെയ്തെന്നും എന്നാൽ വേടന്റെ അമ്മയുടെ ശ്രീലങ്കൻ ബന്ധം പോലുള്ള പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നുമുള്ള റിപ്പോർട്ടാണ് വകുപ്പു മേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.റദ്ദാക്കിയ പരിപാടി വീണ്ടും നടത്താൻ തീരുമാനിച്ചതിനോട് പ്രതികരിച്ചു കൊണ്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വേടന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്.
വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള കലാകാരനാണെന്നും ദളിത് വിഭാഗങ്ങളുടെയും അരികുവത്ക്കരിക്കപ്പെട്ടവരുടെയും താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് വേടന്റെ പാട്ടുകളെന്നും ഗോവിന്ദൻ പറഞ്ഞു. താൻ തെറ്റായ നിലപാട് സ്വകരിച്ചിട്ടുണ്ട് എന്ന് വേടൻ സമ്മതിക്കുകയും അത് തിരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ആ തിരുത്തലിനുള്ള ഇടപെടലായി സർക്കാരിന്റെ നടപടിയെ കണ്ടാൽ മതിയെന്നും ഗോവിന്ദൻ വ്യക്തമാക്കി. ‘‘വേടനെ വേട്ടയാടാനുള്ള ഒരു നടപടിയും കേരളീയ സമൂഹം അംഗീകരിക്കില്ല. വേടന് കേരളത്തിന്റെ പരിരക്ഷയും സംരക്ഷണവുണ്ട്’’.
ഗോവിന്ദൻ പറഞ്ഞു.വനംവകുപ്പ് ഇരട്ടത്താപ്പിന്റെ വകുപ്പാകാൻ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വേടൻ സ്വന്തം അനുഭവച്ചൂളയിൽ കൈവച്ചുകൊണ്ടായിരിക്കാം പാടിയതും പറഞ്ഞതുമെന്നും വേടന്റെ താൻ കേട്ട എല്ലാ പാട്ടുകളിലും മുഴങ്ങുന്നത് ആ ശബ്ദമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മലയാളി എന്ന നിലയിൽ തനിക്ക് വേടനോട് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വേടൻ തെറ്റു പറ്റിയത് സമ്മതിച്ചു.
സർക്കസ് കാണിച്ചും തെറ്റല്ലെന്ന് സ്ഥാപിച്ചും പലരും വെള്ളപൂശിന് ശ്രമിക്കുമ്പോൾ വേടൻ പറഞ്ഞത് തനിക്കൊരു വീഴ്ചപറ്റി എന്നാണ്. ധീരമാണ് ആ നിലപാട്. സത്യസന്ധമായ പ്രസ്താവനയാണ് വേടൻ നടത്തിയത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.