പത്തനംതിട്ട : ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ഓഫിസിലെത്തി ബലമായി മോചിപ്പിച്ച കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറിനെതിരെ വിമർശനവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ ആണികൾക്ക് ആഹ്വാനം നൽകണമെന്നും അസോസിയേഷൻ പരിഹസിച്ചു. പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചു.
കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനായി വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശി റാസുവിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു ചൊവ്വാഴ്ച വൈകിട്ട് നടുവത്തുമൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷനിലാണ് എംഎൽഎ എത്തിയത്.ഡിവൈഎസ്പി രാജപ്പൻ റാവുത്തർ അടങ്ങുന്ന പൊലീസ് സംഘവുമായിട്ട് എത്തിയ എംഎൽഎ ഉദ്യോഗസ്ഥരോട് അറസ്റ്റ് ചെയ്ത രേഖകൾ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ പോസ്റ്റിന്റെ പൂർണരൂപം:
‘‘പ്രിയപ്പെട്ട എംഎൽഎ, അങ്ങ് മുൻകൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണം. ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ ആണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ മുഴുവൻ വെടിവച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾവരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം. കത്തിച്ച് കളയണം. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറിക്കളയുന്ന കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ആയതിന് ചൂട്ട്പിടിച്ച പൊലീസ് ഏമാന് നല്ല നമസ്കാരം. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു’’.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.