തിരുവനന്തപുരം: വിഴിഞ്ഞത്ത് നിറഞ്ഞ സദസില്‍ പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെയും ശശി തരൂരിനെയും വേദിയിലിരുത്തി ഇന്ത്യാ മുന്നണിയെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത നീക്കം പരിഭാഷയില്‍ പൊളിഞ്ഞത് വേദിയിലും സദസിലും ചിരി പടര്‍ത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ് ഇന്ത്യാ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് കൃത്യമായി പരിഭാഷപ്പെടുത്താന്‍ വിവര്ത്തകന് കഴിയാതെ വരികയായിരുന്നു. ‘‘മുഖ്യമന്ത്രി പിണറായി വിജയന് ഇന്ത്യാ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്.ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും,’’– ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.എന്നാല്‍ മുന്‍പ് എഴുതിക്കൊടുത്ത പ്രസംഗത്തില്‍ ഉള്‍പ്പെടാതെ, പ്രധാനമന്ത്രി പെട്ടെന്നു പറഞ്ഞ കാര്യം പരിഭാഷകനായ ഹിന്ദി അധ്യാപകനായ പള്ളിപ്പുറം ജയകുമാറിന് കൃത്യമായി പിടികിട്ടിയില്ല.
‘‘നമ്മുടെ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യമായ ശ്രദ്ധ നല്‍കണം.’’ എന്നാണ് പരിഭാഷകന് മലയാളത്തില്‍ പറഞ്ഞത്. സദസില്‍ ഇരുന്ന ആര്‍ക്കും സംഭവം മനസിലായില്ല. ഒരു തരത്തിലുള്ള പ്രതികരണവും സദസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതോടെ പരിഭാഷ പാളിയെന്ന് പ്രധാനമന്ത്രിക്കും മനസ്സിലായി. ഇതോടെ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും എന്നാൽ സന്ദേശം എത്തേണ്ടയിടത്ത് എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിന്നാലെ സദസില്‍ ചിരിപടർന്നു. എന്താണ് സംഭവിച്ചതെന്ന് വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിക്കുന്നതും കാണാമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗമാണ് പരിഭാഷകനെ നിശ്ചയിച്ചത്.
പ്രധാനമന്ത്രിയുടെ പ്രസംഗം മുന്‍കൂട്ടി പരിഭാഷകനു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ ഉള്‍പ്പെടാത്ത രാഷ്ട്രീയ വിമര്‍ശനം പ്രധാനമന്ത്രി തൊടുത്തുവിട്ടതാണ് പരിഭാഷകനെ കുഴക്കിയത്. 2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രസംഗിച്ചപ്പോഴും ജയകുമാര്‍ തന്നെയായിരുന്നു പരിഭാഷകന്.
അന്ന് ജയകുമാറിനെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 9 വര്‍ഷമായി പ്രധാനമന്ത്രിയുടെ മന് കി ബാത്ത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നത് ജയകുമാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുടെ പരിഭാഷ പാളിയതില്‍ അതൃപ്തിയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.
പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും പരിഭാഷ ഉചിതമായില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം, ഓഡിയോ പ്രശ്നംമൂലമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ പിഴവുണ്ടായതെന്ന് പരിഭാഷകൻ ജയകുമാർ പറഞ്ഞു.
അലയന്‍സ് എന്നത് എയര്‍ലൈന്‍സ് എന്നാണു കേട്ടത്. പ്രസംഗത്തിന്റെ കോപ്പി നേരത്തേ കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായെന്നും ജയകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.