തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയിലിരുന്നുള്ള കെ.സുധാകരന്റെ അവസാനത്തെ തീരുമാനം ഇന്നലെ അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജെ.കണ്ണന്റെ കുടുംബത്തിനുള്ള സഹായഹസ്തം.
അഞ്ചു ലക്ഷം രൂപ കണ്ണന്റെ കുടുംബത്തിനു നൽകുമെന്നായിരുന്നു ഇന്ദിരാ ഭവനിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ സുധാകരൻ പ്രഖ്യാപിച്ചത്.കണ്ണന്റെ മരണവാർത്ത അറിഞ്ഞതിനുശേഷം സുധാകരൻ അസ്വസ്ഥനായിരുന്നു എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറഞ്ഞു.ഇന്നു രാവിലെ പേട്ടയിലെ വസതിയിൽനിന്ന് ഇന്ദിരാ ഭവനിലേക്കു കാറിൽ യാത്ര ചെയ്യവേ കണ്ണന്റെ കുടുംബത്തിനു നമ്മൾ എന്തെങ്കിലും നൽകേണ്ടേയെന്നു കൂടെയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനോട് സുധാകരൻ ചോദിച്ചു. ‘‘അവനു പിഞ്ചുമക്കളാണുള്ളത്, നമ്മൾ എന്തെങ്കിലും ചെയ്യണം. അധ്യക്ഷനായുള്ള എന്റെ അവസാന പ്രഖ്യാപനം അതായിരിക്കണം എന്നാണ് ആഗ്രഹം. അഞ്ചു ലക്ഷം കൊടുക്കണം.
ഫണ്ടിനായുള്ള പണം ഒന്നുരണ്ടു പേരോട് ഞാൻ പറയാം. പ്രസംഗത്തിനോടൊപ്പം ഈ പ്രഖ്യാപനം നീയൊരു നോട്ടായി എഴുതിത്തരണം’’ – ജയന്തിനോടു സുധാകരൻ പറഞ്ഞു.കൈമെയ്യ് മറന്നു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച ചെറുപ്പക്കാരനായിരുന്നു കണ്ണനെന്ന് സുധാകരൻ പിന്നീട് മനോരമ ഓൺലൈനോടു പറഞ്ഞു. കണ്ണൻ മരിച്ചശേഷം വായിച്ച പല കുറിപ്പുകളും ഉള്ളു പുളയുന്നതായിരുന്നു. ആ തീരുമാനമെടുക്കാതെ പദവിയൊഴിഞ്ഞാൽ അതു വേട്ടയാടുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു തയാറാക്കിയ വിടവാങ്ങൽ പ്രസംഗത്തിനുശേഷമാണ് സുധാകരൻ കണ്ണന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു തുടർച്ചയുണ്ടാകണമെന്നും കണ്ണനെയും കുടുംബത്തെയും മറക്കരുതെന്നും പുതിയ പ്രസിഡന്റ് സണ്ണി ജോസഫിനോടു പറഞ്ഞ ശേഷമാണ് സുധാകരൻ ഇന്ദിരാഭവന്റെ പടിയിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.