ബിജെപിയുടെ ‘എക്സ്റ്റൻഡഡ് ഡിപ്പാർട്മെന്റാ’യി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാറിയതായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി

കോഴിക്കോട് : ബിജെപിയുടെ ‘എക്സ്റ്റൻഡഡ് ഡിപ്പാർട്മെന്റാ’യി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) മാറിയതായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. കരുവന്നൂരിലെ ഇ.ഡി നടപടി രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വശംവദരാകാത്തവരെ വശത്താക്കാനുള്ള സ്ഥാപനമായി ഇ.ഡി മാറി. സിപിഎം ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളീയസമൂഹത്തിന്റെ വളർച്ചയിൽ പ്രധാനപങ്കുവഹിക്കുന്ന സഹകരണപ്രസ്ഥാനത്തിൽ പുഴുക്കുത്തുകളും ഉണ്ടാകാറുണ്ട്. അത്തരം അനാരോഗ്യപ്രവണതകൾ കണ്ടാൽ തക്കനടപടിയെടുക്കുന്ന ചരിത്രമാണ് പാർട്ടിക്കുള്ളത്. കരുവന്നൂരിൽ സഹകരണചട്ടങ്ങൾക്കനുസൃതമായി പാർട്ടി ഇടപെട്ടു. കുഴപ്പങ്ങൾക്ക് ഉത്തരവാദപ്പെട്ടവർക്കെതിരെ പാർട്ടിയുടെ തിരുത്തൽ നടപടിയും ഉണ്ടായി. സംസ്ഥാന ക്രൈംബ്രാഞ്ചും ശക്തമായ നടപടിയെടുത്തു. നിക്ഷേപകരുടെ ആശങ്ക പരിഹരിച്ചു മുന്നോട്ടുപോകുന്നതിനിടെയാണ് രാഷ്ട്രീയലക്ഷ്യത്തോടെ ഇ.ഡി രംഗത്തുവന്നത്. സംഭവവുമായി ബന്ധമില്ലാത്ത സിപിഎമ്മിന്റെ മൂന്നു പ്രധാന നേതാക്കളെയും പാർട്ടിയെയും പോലും പ്രതിയാക്കുന്ന നിലപാടാണ് ഇ.ഡി കൈക്കൊണ്ടത്. 
രാഷ്ട്രീയമായി ഉത്പാദിപ്പിച്ച ഈ മ്ലേച്ഛമായ കേസ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. തമിഴ്നാട്ടിൽ എടുത്ത കേസിൽ ഇ.ഡിയെ തുറന്നുകാട്ടുന്ന നിലപാടാണ് സുപ്രീംകോടതി വരെ കൈക്കൊണ്ടത്. നാഷനൽ ഹെറാൾഡ് കേസിൽ അനീതിയുണ്ടെന്നു പറയുന്ന കോൺഗ്രസ് നേതൃത്വം കേരളത്തിൽ ഇ.ഡി നടപടികളെ ന്യായീകരിക്കുന്ന ഇരട്ടത്താപ്പാണ് കൈക്കൊള്ളുന്നത്. ഇതിനെല്ലാം ഇടയിൽ ഈ പാർട്ടിയെ ശരിപ്പെടുത്തിക്കളയാമെന്നു കരുതുന്ന ബിജെപിക്കാർ ഏതു ലോകത്താണ് ജീവിക്കുന്നതെന്നും ബേബി ചോദിച്ചു. 

സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ച് ടീം ഇന്ത്യ എന്ന നിലയിൽ പ്രവർത്തിക്കണമെന്നാണ് മോദി പറയുന്നത്. അതേസമയം സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകാതെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും ബദൽമാതൃക സൃഷ്ടിച്ച് നവകേരളം സൃഷ്ടിക്കാനുള്ള സാഹസികമായ ശ്രമമാണ് കേരളത്തിന്റേത്. ഈ ജനപക്ഷ നിലപാടുമായി പാർട്ടി മുന്നോട്ടുപോകും. 

ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളിലെ പാഠം ഉൾക്കൊള്ളുന്നതിനിടെ ഭരണത്തുടർച്ചയ്ക്ക് തുടർച്ച നൽകി നവകേരളം നടപ്പാക്കാനാകുമെന്ന ആശയം കേരളത്തിൽ പ്രബലമാകുന്നത് സന്തോഷകരമാണ്. കോട്ടങ്ങൾ തിരുത്തി മുന്നോട്ടുപോകാനുള്ള ക്ഷമാപൂർവമുള്ള ശ്രമം ഉണ്ടാകണം. സമയമെടുത്താലും സർക്കാരിനെതിരായ പ്രചാരവേലകൾ മനസ്സിലാക്കി പ്രവ‍ർത്തകർ മുന്നോട്ടുപോകണമെന്നും ബേബി പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, കോഴിക്കോട് മേയർ ബീന ഫിലിപ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് തുടങ്ങിയവർ സ്വീകരണയോഗത്തിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !