ആലപ്പുഴ : തപാൽവോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയോടു കലക്ടർ നിർദേശിച്ചിരുന്നു.
കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, ഇന്നലെ വൈകിട്ടു സുധാകരൻ വെളിപ്പെടുത്തൽ അപ്പാടെ നിഷേധിച്ചിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേർത്തല കടക്കരപ്പള്ളിയിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.ലേശം ഭാവന കലർത്തി പറഞ്ഞതു മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിപിഎം സ്ഥാനാർഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയെന്നായിരുന്നു ബുധനാഴ്ച സുധാകരൻ പ്രസംഗിച്ചത്. അമ്പലപ്പുഴ തഹസിൽദാർക്ക് നൽകിയ മൊഴിയിലും വിവാദ പരാമർശം സുധാകരൻ തിരുത്തി. ബാലറ്റ് തിരുത്തൽ നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് മൊഴി നൽകിയത്. എന്നാൽ, വിവാദ പ്രസംഗത്തിന്റെ വിഡിയോ തെളിവായി നിൽക്കുന്നതിനാലാണ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.