ന്യൂഡൽഹി :പഹൽഗാം ഭീകരാക്രമണത്തിനു രാജ്യം തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ 5 ഭീകരരെ വധിച്ചെന്നു സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ഇന്ത്യൻ തിരിച്ചടിയിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെട്ടെന്നു വാർത്തകൾ വന്നിരുന്നെങ്കിലും ഇതിൽ ഭീകരർ ആരൊക്കെയെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെയാണ് മേയ് 7നു പുലർച്ചെ നടന്ന ആക്രമണത്തിൽ 5 ഭീകരർ കൊല്ലപ്പെട്ടെന്ന് സേന വൃത്തങ്ങൾ അറിയിച്ചത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് സംഘടനകളുമായി ബന്ധമുള്ള മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസൻ ഖാൻ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്.
മുദാസർ ഖാദിയാൻ: ലഷ്കർ ഭീകരനായ മുദാസർ ഖാദിയാൻ ഖാസ്, മുറിദ്കെയിലെ മർക്കസ് തയിബയുടെ ചുമതല വഹിച്ചിരുന്നു. മുദാസർ, അബു ജുൻഡാൽ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാളുടെ സംസ്കാരത്തിനു ലഷ്കറെ തയിബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ് പങ്കെടുത്തു. പാക്ക് സൈന്യത്തിലെ ഒരു ലഫ്.ജനറലും പാക്ക് പഞ്ചാബ് പൊലീസ് ഐജിയും സംസ്കാരച്ചടങ്ങിനുണ്ടായിരുന്നു. ഒരു സർക്കാർ സ്കൂളിൽ നടന്ന സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെയാണു നടത്തിയത്. യുഎസ് ഭരണകൂടം ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയയാളാണു റൗഫ്. പാക്കിസ്ഥാൻ സൈന്യം ഭീകരർക്കു പിന്തുണ നൽകുന്നുവെന്നു വ്യക്തമാക്കാൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.ഹാഫിസ് മുഹമ്മദ് ജമീൽ: ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭർത്താവാണു ഹാഫിസ് മുഹമ്മദ് ജമീൽ. പാക്ക് പഞ്ചാബിലെ ബഹാവൽപുർ മർക്കസ് സുബാൻ അല്ലായുടെ ചുമതല വഹിച്ചിരുന്ന ഹാഫിസ് ജയ്ഷെ മുഹമ്മദിന്റെ ധനസമാഹരണം, യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കൽ തുടങ്ങിയ ജോലികളിൽ സജീവമായിരുന്നു.
മുഹമ്മദ് യൂസുഫ് അസ്ഹർ: ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന മുഹമ്മദ് യൂസുഫ് അസ്ഹർ, മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭർത്താവാണ്. ജയ്ഷെ മുഹമ്മദ് ഭീകരരുടെ ആയുധ പരിശീലനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന മുഹമ്മദ് യൂസുഫ് കാണ്ഡഹാർ വിമാന റാഞ്ചൽ കേസിൽ ഇന്ത്യ തേടുന്ന ഭീകരൻ കൂടിയായിരുന്നു. ജമ്മു കശ്മീരിലെ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ ഇയാൾക്കു പങ്കുണ്ടെന്നാണു മിലിറ്ററി ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം.ഖാലിദ് :അബു ആകാഷ എന്നറിയപ്പെടുന്ന ഖാലിദ്, ലഷ്കറെ തയിബ പ്രവർത്തകനാണ്. ജമ്മു കശ്മീരിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഇയാൾക്കു പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഫൈസലാബാദിൽ നടന്ന ഇയാളുടെ സംസ്കാരച്ചടങ്ങിലും പാക്കിസ്ഥാൻ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മിഷണറും പങ്കെടുത്തിരുന്നു.
മുഹമ്മദ് ഹസൻ ഖാൻ :ജയ്ഷെ മുഹമ്മദ് പ്രവർത്തകനാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹസൻ ഖാൻ. പാക്ക് അധിനിവേശ കശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷനൽ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ്. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്
റൗഫിനെ വധിച്ചു? മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളുമായ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.