ന്യൂഡൽഹി :സംഘർഷ ദിനങ്ങൾക്കുശേഷം ഇന്ത്യ–പാക്ക് അതിർത്തി ശാന്തം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 100 ഭീകരരെ വധിക്കുകയും പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തതോടെ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം ഇരു രാജ്യങ്ങളും വെടിനിർത്തലിന് ധാരണയായതോടെ തണുത്തു. വെടിനിർത്തല്‍ ധാരണ ലംഘിച്ച് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി അതിർത്തി മേഖലകൾ സാധാരണ നിലയിലെത്തി. പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. രാജസ്ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളില്‍ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യ–പാക്ക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഇന്ന് 12 മണിക്ക് ഫോണിൽ ചർച്ച നടത്തും.ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന. സംഘർഷ സാഹചര്യത്തിൽ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് ഇന്നത്തെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും. നിലവിൽ 14 വരെയാണ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്. സംഘർഷമുണ്ടായ സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത തുടരാനാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അതിർത്തിയിൽ ഇന്ത്യ കനത്ത ജാഗ്രത തുടരും. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സേനകൾ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക േനതൃത്വം നേരത്തേ നടത്തിയ ചർച്ചയിലും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും സേന വ്യക്തമാക്കിയിരുന്നു. പാക് ആക്രമണത്തിനു മറുപടിയായി അവരുടെ സൈനിക താവളങ്ങൾ ഇന്ത്യ ലക്ഷ്യമിട്ടതോടെയാണ് വെടിനിർത്തലിന് കളമൊരുങ്ങിയത്. വ്യോമാക്രമണത്തിൽ തകർത്ത പാക്ക് സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.