കൊച്ചി :ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധമില്ലാത്ത കേസുകളിൽ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു ഹൈക്കോടതി. പട്ടികജാതിക്കാരിയായ സഹപ്രവർത്തകയെ ജാതീയമായി അധിക്ഷേപിച്ചെന്നും കുടുക്കാൻ വ്യാജരേഖ ചമച്ചെന്നുമുള്ള കേസിൽ കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടിക്കെതിരെ ഉദ്യോഗസ്ഥൻ നൽകിയ റിവിഷൻ ഹർജി തള്ളിയാണു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടിക്കെതിരെ ഏറ്റുമാനൂർ ബ്ലോക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരായിരുന്ന എം.എസ്. വിജയനും മറ്റും നൽകിയ ഹർജി കോടതി തള്ളി.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, തിരിമറി, പട്ടികജാതി അംഗത്തിനെതിരെയുള്ള ജാതീയ അധിക്ഷേപം തുടങ്ങിയവ കൃത്യനിർവഹണവുമായി ബന്ധമില്ലാത്തതാണെന്നു സുപ്രീംകോടതി പറഞ്ഞിട്ടുള്ളതു കോടതി വിലയിരുത്തി. ഇത്തരം കേസുകളിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യമില്ലെന്നും പറഞ്ഞു.
2013 ഒക്ടോബർ ഏഴിനായിരുന്നു കേസിന് ആധാരമായ സംഭവം. ജാതി അധിക്ഷേപമുൾപ്പെടെ നടന്നതായി പ്രോസിക്യൂഷൻ സാക്ഷികൾ സ്ഥിരീകരിച്ചിരുന്നു. പ്രഥമദൃഷ്ട്യാ ഈ കുറ്റങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്നു കോടതി വിലയിരുത്തി. വിചാരണക്കോടതിയുടെ നടപടിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, നേരത്തെ അനുവദിച്ച സ്റ്റേ നീക്കി. ഇതോടെ കേസിൽ വിചാരണയ്ക്കു വഴിയൊരുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.