ഹൈവേ യാത്രകളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വാഹന ഉടമകളുടെ ചെലവ് കുറയ്ക്കുന്നതിനും പുതിയ ടോള്‍ നയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഫാസ്ടാഗ് വാര്‍ഷിക പാസ് സൗകര്യമടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ടോള്‍ നയം എന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. പ്രതിവര്‍ഷം 3000 രൂപയുടെ ഒറ്റത്തവണ പേയ്മെന്റ് നടത്തിയാല്‍ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും പരിധിയില്ലാത്ത യാത്ര സാധ്യമാക്കുന്നതാണ് വാര്‍ഷിക പാസ്.
ഫാസ് ടാഗുമായി ബന്ധപ്പെട്ട് ഒരു ഇരട്ട പേയ്മെന്റ് സംവിധാനമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് വാര്‍ഷിക പാസോ ദൂരം അടിസ്ഥാനമാക്കിയുള്ള നിരക്കോ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നതാണ് ഇരട്ട പേയ്മെന്റ് സംവിധാനം. 3000 രൂപയുടെ ഒറ്റത്തവണ ഫാസ്ടാഗ് റീചാര്‍ജ് വഴി സ്വകാര്യ വാഹന ഉടമകള്‍ക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ ദേശീയപാതകളിലും സംസ്ഥാന എക്സ്പ്രസ് വേകളിലും അധിക ടോള്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണ് വാര്‍ഷിക പാസ് സംവിധാനം. നിലവിലെ ടോള്‍ പ്ലാസ ഫീസ് ഘടനയ്ക്ക് പകരം 100 കിലോമീറ്ററിന് 50 രൂപ എന്ന നിശ്ചിത ടോള്‍ ഏര്പ്പെടുത്തുന്നതാകാം ദൂരം അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ സംവിധാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവിലുള്ള ഫാസ്ടാഗ് തന്നെയാകും പുതിയ സംവിധാനങ്ങളിലും ഉപയോഗിക്കുക. അതിനിടെ, 15 വര്‍ഷത്തേക്ക് 30,000 രൂപ അടയ്ക്കേണ്ട ലൈഫ് ടൈം ഫാസ്ടാഗ് എന്ന മുമ്പത്തെ നിര്‍ദ്ദേശം സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാന്‍ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി പകരം സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ടോള്‍ ശേഖരണം ഏര്‍പ്പെടുത്താനും നയം ലക്ഷ്യമിടുന്നു. ടോള്‍ പിരിവിനായി ഇത് ജിപിഎസ്, ഓട്ടോമേറ്റഡ് വാഹന ട്രാക്കിംഗ് സംവിധാനങ്ങളെയാകും ആശ്രയിക്കുക.കരാറുകാരുടെയും ടോള്‍ ഓപ്പറേറ്റര്‍മാരുടെയും ആശങ്കകള്‍ പരിഹരിക്കാനുള്ള വ്യവസ്ഥകളും പുതിയ നയത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഡിജിറ്റല്‍ ടോള്‍ ഡാറ്റയും സര്‍ക്കാര്‍ അംഗീകൃത ഫോര്‍മുലയും അടിസ്ഥാനമാക്കി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ടോള്‍ വെട്ടിപ്പ് തടയുന്നതിനായി ബാങ്കുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയേക്കാം. ഫാസ്ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കാനുള്ള അധികാരം അടക്കമുള്ളവയാകും നല്‍കുക. ഈ നയം യാഥാര്‍ഥ്യമായാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് ദീര്‍ഘദൂര റോഡ് യാത്രയുടെ ചെലവ് കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഹൈവേ യാത്രകളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വാഹന ഉടമകളുടെ ചെലവ് കുറയ്ക്കുന്നതിനും പുതിയ ടോള്‍ നയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിൽ
0
തിങ്കളാഴ്ച, മേയ് 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.