കൊച്ചി: കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ കൊച്ചി കോര്പ്പറേഷന് വനിതാ ഓവര്‍സിയര്‍ സ്വപ്നയ്ക്ക് സസ്പെൻഷൻ. കഴിഞ്ഞദിവസം വൈറ്റിലയില്‍ റോഡരികില്‍ കാറില്‍വെച്ച് പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 15,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കോര്‍പ്പറേഷനിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറാണ് സ്വപ്ന.
ഓപ്പറേഷന് സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന, പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. അഞ്ചുനിലക്കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 5,000 രൂപ വീതം എന്ന നിലയ്ക്കായിരുന്നു പണം ചോദിച്ചിരുന്നത്. ഇതാണ് പിന്നീട് പരാതിക്കാരന്റെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 15,000 രൂപയാക്കി കുറച്ചത്.ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ജോലികഴിഞ്ഞ് സ്വന്തം കാറില്‍ തൃശ്ശൂര്‍ കാളത്തോടുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കാറില്‍ ഇവരുടെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. പരിശോധനയില്‍ കാറില്‍നിന്ന് 41,180 രൂപ കണ്ടെത്തിയിരുന്നു. ഈ പണവും കൈക്കൂലിയായി സ്വപ്ന കൈപറ്റിയതാണെന്ന സംശയത്തിലാണ് വിജിലന്‍സ്. സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
സ്വപ്ന സ്ഥിരം അഴിമതിക്കാരിയാണെന്ന് വ്യക്തമായിരിക്കുന്നത്. സ്വപ്ന മുന്‍പും കൈക്കൂലി വാങ്ങിയിരുന്നതായുള്ള വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷമായി സ്വപ്ന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാലയളവിലെ ഇവരുടെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും സംബന്ധിച്ച് അന്വേഷണം നടത്തും കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ അഴിമതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നേരത്തേതന്നെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മേയര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയുടെ സസ്പെന്ഷന് നടപടികള്‍ കൈക്കൊണ്ടത്. കൊച്ചി കോര്പ്പറേഷന് കൗണ്‍സില്‍ ചേരുന്നതിന് മുന്‍പായാണ് നടപടി.
തൃപ്പൂണിത്തറ സ്വദേശിയും എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി ഉടമയുമാണ് പരാതിക്കാരന്. പ്രവാസിയായ ഇയാൾ പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്ര അടി വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറുകളും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായി ജനുവരി മാസം 30-നാണ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.