ന്യൂഡൽഹി: പാതി വില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരായ ആരോപണം ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം തുടരാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പാതി വില തട്ടിപ്പ് കേസിലെ ആരോപണ വിധേയരുടെ പട്ടികയിൽ നിന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ പേര് ഹൈക്കോടതി നീക്കിയതും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങളാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.ജോയിന്റ് വോളന്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്, മിത്രം ചാരിറ്റബിൾ ട്രസ്റ്റ്, കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്ടറി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളും പാതി വില തട്ടിപ്പിന്റെ ഇരകൾ ആണെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഈ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകനായ സുവിദത്ത് സുന്ദരം ആണ് ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
നടപടി ക്രമങ്ങൾ പാലിക്കാതെയും, ശരിയായ അന്വേഷണം നടത്താതെയുമാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ പേര് കേസിൽ നിന്ന് നീക്കിയത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് പേര് നീക്കം ചെയ്തത്. എന്നാൽ ഇക്കാര്യത്തത്തിൽ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതി തേടിയിട്ടില്ല. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണ ഘട്ടത്തിൽ ആരോപണ വിധേയനായ വ്യക്തിയെ അന്വേഷണത്തിന്റ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഹർജിക്കാർ ആരോപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.