ന്യൂഡൽഹി :ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര–വ്യോമ–നാവിക സേനകൾ പ്രതിരോധം ശക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയും സജീവമാക്കി. നാവിക സേന അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയാറായണ്. വ്യോമസേന യുദ്ധവിമാനങ്ങളും അതിർത്തിയിൽ വ്യോമ പട്രോളിങ്ങ് നടത്തുന്നുണ്ട്. അതേസമയം, ലഹോറിൽ വൻ പടയൊരുക്കം പാക്കിസ്ഥാൻ നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ രാജ്യത്തിന്റെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിനും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഏത് തരത്തിലുള്ള പ്രത്യാക്രമണത്തിനും ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം.ഇന്ത്യയുടെ സൈനിക സാഹസികതയ്ക്ക് വേഗത്തില്‍ മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓപറേഷൻ സിന്ദൂറിലൂടെ സംഭവിച്ച തിരിച്ചടികൾക്കു പാക്കിസ്ഥാന് തിരിച്ചടിക്കാതിരിക്കാൻ സാധിക്കില്ലെന്നും പാക്കിസ്ഥാൻ സൈന്യത്തിന് വലിയ സമ്മർദമുണ്ടെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ പാക്കിസ്ഥാന്റെ സൈനിക വിമാനങ്ങൾ പഞ്ചാബ് അതിർത്തി വരെ എത്തി തിരിച്ചുപോയെന്നും റിപ്പോർട്ടുകളുണ്ട്
380 കിലോമീറ്റർ ദൂരപരിധിയിൽ തിരിച്ചടി നൽകാവുന്ന ബോംബറുകൾ, യുദ്ധവിമാനങ്ങൾ മിസൈലുകൾ ഡ്രോണുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കാൻ കഴിയുന്ന റഷ്യൻ നിർമിത എസ്-400 സർഫസ്-ടു-എയർ മിസൈൽ പ്രതിരോധ സംവിധാനം, ഇസ്രയേൽ നിർമിത ബരാക്-8 മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ സംവിധാനം (70 കിലോമീറ്റർ ദൂരപരിധി), തദ്ദേശീയമായി നിർമിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം (25 കിലോമീറ്റർ ദൂരപരിധി), ഇസ്രയേല്‍ നിർമിത ലോ-ലെവൽ സ്പൈഡർ ക്വിക്ക്-റിയാക്ഷൻ ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ (15 കിലോമീറ്റർ ദൂരപരിധി) എന്നിവയാണ് അതിർത്തി മേഖലയിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.