ന്യൂഡൽഹി : പാക്കിസ്ഥാനിലെ കറാച്ചിയിലും ലഹോറിലും ഇസ്‍ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ഈ നഗരങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് സേനകൾ ഇക്കാര്യം വ്യക്തമാക്കിയത്. എയർ മാർഷൽ എ.കെ.ഭാരതി, ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്.ജന.രാജീവ് ഖായ്, നേവി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എ.എൻ.പ്രമോദ്, മേജർ ജനറൽ എസ്.എസ്.ശാർദ –എഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ആകാശ് പ്രതിരോധ മിസൈൽ ഉൾപ്പെടെ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ നൂർഖാൻ, റഹിംയാർഖാൻ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു. നൂർഖാൻ വിമാനത്താവളം പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽനിന്ന് 10–15 കിലോമീറ്റർ അകലെയാണ്. റഹീംയാർഖാൻ വ്യോമത്താവളം രാജസ്ഥാൻ അതിർത്തിയോട് ചേർന്നാണ്. പാക്കിസ്ഥാൻ ഉപയോഗിച്ച ഡ്രോണുകൾ തുർക്കി നിർമിതമാണെന്നും സേന വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഉപയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടു. പാക്കിസ്ഥാനിൽ ഇന്ത്യ ലക്ഷ്യം വച്ച പ്രദേശങ്ങളും ചില വിഡിയോകളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.പാക്കിസ്ഥാൻ സൈന്യവുമായോ ജനങ്ങളുമായോ അല്ല സംഘർഷത്തിൽ ഏർപ്പെട്ടത്. ഭീകരവാദികളുമായാണ് സംഘർഷമുണ്ടായതെന്നും സൈന്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഏതൊക്കെ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന ചോദ്യത്തോട് സൈന്യം പ്രതികരിച്ചില്ല. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൽ അസ്ഹർ റഊഫ് കൊല്ലപ്പെട്ടോ എന്ന ചോദ്യത്തിന് പല കാര്യങ്ങളും ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്നാണ് സൈന്യം മറുപടി നൽകിയത്.
തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ മാത്രമാണ് ഇന്ത്യ ആക്രമിച്ചതെന്ന് എയർ മാർഷൽ എ.കെ.ഭാരതി പറഞഞ്ഞു. എന്നാൽ ഈ ആക്രമണത്തെ പാക്കിസ്ഥാൻ അവർക്കെതിരായ ആക്രമണമായി ഏറ്റെടുത്തു. അവർക്കുണ്ടായ നഷ്ടങ്ങൾക്ക് ഇക്കാരണത്താൽ അവരാണ് ഉത്തരവാദിയെന്നും എ.കെ.ഭാരതി പറഞ്ഞു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാക്കിസ്ഥാനിൽനിന്നു വന്ന ആക്രമണങ്ങൾ തകർത്തു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമാണ്. ചൈനാ നിർമിത പിഎൽ –15 എയർ ടു എയർ മിസൈൽ അടക്കം പാക്കിസ്ഥാൻ പ്രയോഗിച്ചു. പക്ഷേ അതിനു ലക്ഷ്യം കാണാനായില്ല. ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തു.
ഭീകരവാദത്തിന്റെ സ്വഭാവം മാറുന്നതായി ലഫ്.ജനറൽ.രാജീവ് ഖായ് പറഞ്ഞു. സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നു. നേരത്തെ തന്നെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമായിരുന്നു. പല ശ്രേണികളിലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിരുന്നു. ഇതിനാൽ പാക്കിസ്ഥാന്റെ ആക്രമങ്ങൾ വിഫലമായി. സർക്കാരിന്റെയും മന്ത്രാലയത്തിന്റെയും പൂർണ പിന്തുണ സൈന്യത്തിനുണ്ടായിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനങ്ങൾ പ്രാർഥനയുമായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെന്നും രാജീവ് ഖായ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.