തിരുവനന്തപുരം : ചികിത്സപ്പിഴവ് പരാതിക്കിടെ കോസ്മറ്റിക് ക്ലിനിക്കിന് തിരക്കിട്ട് റജിസ്ട്രേഷൻ അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് റിപ്പോർട്ട് ആവശ്യപ്പെട്ട കത്ത് നിലനിൽക്കെ. ക്ലിനിക്കിന് എതിരായി ഉയർന്ന പരാതികളെത്തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ജില്ലാ മെഡിക്കൽ ഓഫിസർക്കാണു കത്തു നൽകിയത്. റജിസ്ട്രേഷനുള്ള അപേക്ഷ തീർപ്പാക്കാൻ രണ്ടു മാസത്തെ കാലാവധി ഉണ്ടെന്നിരിക്കെ, ഒരു മാസത്തിനകം ക്ലിനിക്കിന് റജിസ്ട്രേഷൻ അനുവദിച്ചെന്നും 19 ദിവസം മുൻപ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ കത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഡിഎംഒ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് വെളിപ്പെടുത്തി.
കോസ്മറ്റിക് ക്ലിനിക്കിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായതിനെത്തുടർന്ന് ഹൃദയസ്തംഭനം നേരിടുകയും 9 വിരലുകൾ മുറിച്ചുനീക്കുകയും ചെയ്യേണ്ടിവന്ന സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ്.നീതുവിന്റെ ഭർത്താവ് പി.പത്മജിത് ആണ് വിവരാവകാശ അപേക്ഷ നൽകിയത്.ഏപ്രിൽ 29, 30 തീയതികളിൽ നേരിട്ട് ക്ലിനിക് സന്ദർശിച്ച് സ്ഥാപനത്തിന്റെ യോഗ്യത നിർണയിച്ച ഉദ്യോഗസ്ഥസംഘം 6 ദിവസത്തിനകം മേയ് 5ന് അനുകൂല റിപ്പോർട്ട് നൽകുകയായിരുന്നു.അന്നു തന്നെ നടപടികൾ പൂർത്തിയാക്കി ഓൺലൈനിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു. അതേസമയം, റിപ്പോർട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ കത്തിൽ ഈ വേഗം ഉണ്ടായില്ല. അന്വേഷണം പൂർത്തിയാകാത്തതിനാലാണ് ഇതെന്നാണു വാദം.ഫെബ്രുവരി 22ന് നീതുവിന്റെ ശസ്ത്രക്രിയ നടക്കുമ്പോൾ ക്ലിനിക്കിന് റജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. ചികിത്സപ്പിഴവ് സംഭവിച്ചെന്ന പരാതിയിൽ മാർച്ച് 21ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
16 ദിവസം കഴിഞ്ഞാണ് (ഏപ്രിൽ 7) റജിസ്ട്രേഷന് അപേക്ഷ നൽകിയത്. ക്ലിനിക്കിന് എതിരായ പരാതിയിൽ കലക്ടറുടെ ഓഫിസിൽനിന്ന് ഏപ്രിൽ 8നും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഏപ്രിൽ 19നും ജില്ലാ മെഡിക്കൽ ഓഫിസിൽ കത്തു ലഭിച്ചു. ഈ കാലയളവിലാണ് റജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കിയത്. പരാതി നിലവിലുണ്ടെന്നത് റജിസ്ട്രേഷൻ നൽകുന്നതിനു തടസ്സമല്ലെന്നും പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടാൽ റജിസ്ട്രേഷൻ റദ്ദാക്കാൻ ജില്ലാ റജിസ്ട്രേഷൻ അതോറിറ്റിക്ക് അധികാരമുണ്ടെന്നുമാണ് വിവരാവകാശ മറുപടിയിലുള്ളത്. റജിസ്ട്രേഷനും ആംബുലൻസ് അടക്കമുള്ള അവശ്യസൗകര്യങ്ങളും ഇല്ലാതെ പ്രവർത്തിച്ച ക്ലിനിക്കിൽ ശസ്ത്രക്രിയ നടത്തിയത് ഗുരുതര വീഴ്ചയാണെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. ബോർഡ് ചേർന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പൊലീസിന് റിപ്പോർട്ട് നൽകിയിട്ടില്ല. ഇന്ന് കൈമാറുമെന്നാണു സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.