പ്ലാസ്റ്റിക് കപ്പുകള്‍ക്ക് ബദല്‍ എന്ന നിലയിലാണ് പേപ്പര്‍ കപ്പുകള്‍ക്ക് വലിയ പ്രചാരം ലഭിച്ചത്.
പേപ്പര്‍ കപ്പുകള്‍ പൊതുവേ സുരക്ഷിതം എന്നാണ് എല്ലാവരും കരുതുന്നത്. പ്ലാസ്റ്റിക് കപ്പുകളില്‍ ചായ ഉള്‍പ്പെടെയുള്ള ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. പ്ലാസ്റ്റിക് ഉരുകി വേര്‍തിരിയുന്ന വിഷ രാസവസ്തുക്കള്‍ ശരീരത്തിനുള്ളിലേക്കും പ്രവേശിക്കും. ഇവ ശരീരത്തിന് ദോഷകരമാണ്. ഈ ഘട്ടത്തിലാണ് പേപ്പര്‍ കപ്പുകള്‍ വ്യാപകമായത്.ഇപ്പോള്‍ വലുതും ചെറുതുമായ പരിപാടികളിലെല്ലാം പേപ്പര്‍ കപ്പുകളാണ് ഉപയോഗിക്കുന്നത്. ഉപയോഗ ശേഷം കഴുകണ്ട എന്നതും പേപ്പര്‍ ആയതിനാല്‍ മണ്ണില്‍ അലിഞ്ഞുചേരും എന്നതുമാണ് പേപ്പര്‍ കപ്പുകള്‍ക്ക് വലിയ പ്രചാരം ലഭിക്കാന്‍ കാരണം. ഇത്തരം ബയോഡീഗ്രേഡബിള്‍ പേപ്പര്‍ കപ്പുകള്‍ പരിസ്ഥിതി സൗഹൃദമാണെന്നതും അതിന്റെ പ്രിയം വര്‍ധിപ്പിക്കുന്നു.
പൊതുവേ ഇവ നിരുപ്രദവകരമെന്ന് കരുതുമ്പോഴും നിരവധി അപകടസാധ്യതകള്‍ പേപ്പര്‍ കപ്പുകളില്‍ മറഞ്ഞിരിപ്പുണ്ട്. പ്രത്യേകിച്ച് ചായ, കാപ്പി പോലുള്ള ചൂടുള്ള പാനീയങ്ങള്‍ എടുക്കുമ്പോള്‍. പേപ്പര്‍ കപ്പുകള്‍ ബയോഡീഗ്രേഡബിള്‍ ആണെന്നാണ് നിര്‍മാതാക്കാള്‍ അവകാശപ്പെടുമ്പോഴും അവയില്‍ പലതിലും പോളിത്തീന്‍ അടങ്ങിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ ഒഴിക്കുമ്പോള്‍ മൈക്രോപ്ലാസ്റ്റിക് എന്ന തീരെ ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍ പാനീയത്തില്‍ കലരുന്നു.
ഇത്തരത്തില്‍ ആയിരക്കണക്കിന് കണങ്ങളാണ് ചൂട് ചായയിലൂടെയും കാപ്പിയിലൂടെയും ശരീരത്തിന്റെ ഉള്ളിലേക്കു കടക്കുന്നത്. ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ തകരാറുകള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക് കാരണമായേക്കാം.പേപ്പര്‍ കപ്പുകളുടെ ചോര്‍ച്ച തടയാനാണ് പലപ്പോഴും പ്ലാസ്റ്റിക് കോട്ടിങ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ ചൂട് ചെല്ലുമ്പോള്‍ പ്ലാസ്റ്റിക് ഉരുകുകയും മൈക്രോപ്ലാസ്റ്റിക്, ബിസ്ഫെനോള്‍ എ പോലുള്ള രാസവസ്തുക്കള്‍ പുറത്തുവിടുകയും ചെയ്യും. ഇത് ചൂടുള്ള പാനീയത്തിലേക്കും തുടര്‍ന്ന് മനുഷ്യ ശരീരത്തിലേക്കും പ്രവേശിക്കും.
പല പേപ്പര്‍ കപ്പുകളിലും ആകര്‍ഷകമായ ഡിസൈനുകള്‍ അച്ചടിച്ചിട്ടുണ്ട്. അവ വിവിധ വര്‍ണങ്ങളിലുള്ള മഷികള്‍ കൊണ്ടാണ് അച്ചടിച്ചിരിക്കുന്നത്. ഈ മഷികളും രാസവസ്തുക്കള്‍ അടങ്ങിയതാണ്. കപ്പ് ചൂടുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഡൈയില്‍ നിന്നുള്ള ദോഷകരമായ സംയുക്തങ്ങള്‍ പാനീയത്തിലേക്ക് ഒഴുകുന്നു. ഇതും ആരോഗ്യത്തിന് അപകടമാണ്.
ചില വിലകുറഞ്ഞതോ നിലവാരമില്ലാത്തതോ ആയ പേപ്പര്‍ കപ്പുകളില്‍ ലെഡ്, ക്രോമിയം തുടങ്ങിയവ അടങ്ങിയിരിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കപ്പുകളില്‍ നിന്ന് കുടിക്കുന്നത് ശരീരത്തില്‍ ഈ ലോഹങ്ങളുടെ അംശങ്ങള്‍ ചെല്ലാന്‍ കാരണമാകുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കു വഴിവയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.