തിരുവനന്തപുരം : ഡിസംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പേ സമ്പൂര്‍ണ മുഖം മാറ്റത്തിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. തലപ്പത്തു വരുത്തിയ മാറ്റത്തിനൊത്ത ടീമിനെ സംഘടനാതലത്തിലും ജില്ലാ തലത്തിലും കുറഞ്ഞ സമയത്തിനുള്ളില്‍ നിയോഗിക്കുകയെന്ന വലിയ ദൗത്യമാണ് കെപിസിസി നേതൃത്വത്തിനു മുന്നിലുള്ളത്. ചൊവ്വാഴ്ച കെപിസിസി നേതൃത്വം ഡല്‍ഹിയില്‍ എഐസിസി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യമാണ് സജീവചര്‍ച്ചയായത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, എം.എം.ഹസന് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.പുതിയ നേതൃത്വത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും നിയോഗിക്കുക എന്നതിനാണ് പ്രാഥമിക പരിഗണന. മൂന്നു മാസത്തിനുള്ളില്‍ പുതിയ മുഖം സ്വീകരിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. ഇതിനൊപ്പം തൃശൂര്‍ ഒഴികെയുള്ള ഡിസിസികളില്‍ പുതിയ നേതൃത്വം എത്തുമെന്നാണു സൂചന. തൃശൂരില്‍ ഫെബ്രുവരിയിലാണ് ഡിസിസി പ്രസിഡന്റിനെ നിയമിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിക്ക് താഴേത്തട്ടില്‍ ശക്തമായ സംഘടനാസംവിധാനം ഒരുക്കുകയെന്നതാണ് പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കുമുള്ള ആദ്യ വെല്ലുവിളി.ഏഴു മാസത്തിനുള്ളില്‍ വാര്‍ഡ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുകയും മണ്ഡലം കമ്മിറ്റികളില്‍ ഭാരവാഹികളെ കണ്ടെത്തുകയും വേണം. എണ്ണയിട്ട യന്ത്രം പോലെ സംഘടനയെ സജ്ജമാക്കുന്നതിനൊപ്പം മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞാല്‍ പുതിയ നേതൃത്വത്തിന് അതു വലിയ നേട്ടമാകും. പിന്നാലെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കളമൊരുക്കാനുള്ള നിര്‍ണായകമായ അവസരമാണ് നേതാക്കള്‍ക്കു മുന്നിലുള്ളത്. 2026 അല്ല 2025 ആണ് പ്രാഥമിക പരിഗണനയെന്ന് ചുമതലയേറ്റപ്പോള്‍ സണ്ണി ജോസഫ് പറഞ്ഞതും ഇതു മുന്നില്‍ കണ്ടാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് എതിരായ ജനവികാരം പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തില്‍ വിജയിക്കാന്‍ കഴിയുമെന്നുമാണ് രാഹുല്‍ ഗാന്ധി പുതിയ നേതൃത്വത്തോടു പറഞ്ഞിരിക്കുന്നത്. കെപിസിസി നേതൃമാറ്റത്തെ ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങള്‍ അവസാനിപ്പിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ പാര്‍ട്ടി പുനഃസംഘടിപ്പിക്കുകയെന്ന കടമ്പയാണ് സണ്ണി ജോസഫിനും ടീമിനും മുന്നിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.