വെള്ളനാട്: തിരുവനന്തപുരം വെള്ളനാട് എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരണം നടക്കുന്ന കുളക്കോട്–അരുവിക്കര ഡാം റോഡിൽ ടാറിങ് വൈകുന്നതിലും റോഡ് യഥാസമയം നനയ്ക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുകാർ റോഡിലൂടെ പോയ വാഹനങ്ങൾ തടഞ്ഞിട്ടു ഉപരോധിച്ചു.
ഇന്ന് വൈകിട്ട് 5 മണി ഓടെ ശങ്കരമുഖം സെന്റ് അഗസ്റ്റിൻ ചർച്ചിന് സമീപം ആണ് സംഭവം. ഒടുവിൽ അരുവിക്കര പൊലീസ് എത്തി വാഹനങ്ങൾ സമരക്കാരെ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരണം നടക്കുന്ന റോഡിൽ ടാറിങ് വൈകുന്നതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. വാഹനങ്ങൾ പോകുമ്പോൾ റോഡിൽ നിന്ന് ഉയരുന്ന പൊടിപടലങ്ങളെ തുടർന്ന് യാത്രക്കാരും സമീപവാസികളും ബുദ്ധിമുട്ടിലാണ്.അപകടങ്ങളും പതിവാണ്. യഥാസമയം റോഡ് നനയ്ക്കാത്തതിനെ തുടർന്ന് ഒരു മാസം മുൻപ് നാട്ടുകാർ ജോലി നടത്തുന്ന കരാർ കമ്പനിയുടെ വാഹനം തടഞ്ഞിട്ടു. തുടർന്ന് ദിവസവും മൂന്ന് നേരം റോഡ് നനയ്ക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതിൽ ഉദാസീനത കാണിച്ചതിനെ തുടർന്നാണ് നാട്ടുകാർ വീണ്ടും പ്രതിഷേധിച്ചത്. അരുവിക്കര- വെള്ളനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അരുവിക്കര ഡാം- കുളക്കോട്- റോഡാണിത്. വർഷങ്ങളായി തകർന്നടിഞ്ഞുകിടന്ന റോഡ് 8.80 കോടി രൂപ വിനിയോഗിച്ച് എഫ്.ഡി.ആർ. സാങ്കേതിക വിദ്യയിൽ നവീകരിച്ചു തുടങ്ങിയത്.
അരുവിക്കര ജലസംഭരണി മുതൽ കുളക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വരെയുള്ള മൂന്നര കിലോമീറ്റർ ദൂരമുള്ള റോഡ് എഫ്.ഡി.ആർ. സാങ്കേതിക വിദ്യയി കുഴികൾ നികത്തിയശേഷം 28 ദിവസം കഴിഞ്ഞ് ടാറിങ് നടത്തുമെന്ന് പറഞ്ഞുപോയ നിർമാണ കമ്പനി അധികൃതർ പിന്നെയിതു വഴി തിരിച്ചു വന്നിട്ടില്ല. കാട്ടാക്കടയിൽ മറ്റൊരു റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായും അതുകഴിഞ്ഞാലുടൻ അരുവിക്കര -കുളക്കോട് റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നുമാണ് പറഞ്ഞത്.
എന്നാൽ പണി ചെയ്ത കരാറുകാരന് ലഭിക്കേണ്ട തുക നൽകാത്തതിനാൽ കരാറുകാരൻ പണി ഉപേക്ഷിച്ച് പോയതാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ പൂഴിമണ്ണ് നിറഞ്ഞ റോഡിൽ ഒരു വാഹനം പോയാലോ ചെറിയൊരു കാറ്റടിച്ചാലോ മണ്ണിൽ നിന്നും പൊടി പറക്കുന്ന അവസ്ഥയാണുള്ളത്. ഇതുകാരണം പ്രദേശവാസികളും കച്ചവടക്കാരും മറ്റു യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. വീട്ടിനുള്ളിൽ പോലും ഇരിക്കാനാവാത്ത അവസ്ഥയാണുള്ളത്. കുട്ടികൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല.
പൊടികാരണം പലർക്കും അസുഖങ്ങൾ പിടിപെട്ടു. പൊടിപടലം രൂക്ഷമായപ്പോൾ ഇവിടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ഒത്തുതീർപ്പിൻ്റെ ഭാഗമായി റോഡിൻ്റെ നവീകരണമേറ്റെടുത്ത കമ്പനി ഇടയ്ക്കിടെ റോഡിൽ വെള്ളമൊഴിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ട് പൊടിശല്യത്തിന് പരിഹാരമാകുന്നില്ല. കടുത്തചൂടിൽ റോഡിൽ ഒഴിക്കുന്ന വെള്ളം പെട്ടന്ന് ബാഷ്പീകരിച്ചു പോവുകയാണ്. വേനൽക്കാലത്ത് റോഡ് നനയ്ക്കുന്നത് കൊണ്ട് യാതൊരു പ്രയോജനമില്ലെന്നും അടിയന്തരമായി റോഡ് നവീകരണം ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.