കോഴിക്കോട്:സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കേരളത്തിൽനിന്ന് ഹജ് തീർഥാടനത്തിനുള്ള ആദ്യ വിമാനം ശനിയാഴ്ച പുലർച്ചെ 1.10ന് പുറപ്പെടും. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിൽ 172 പേരാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്നത്. തീർഥാടകരിൽ 77 പേർ പുരുഷന്മാരും 95 പേർ സ്ത്രീകളുമാണ്. സൗദി പ്രാദേശിക സമയം പുലർച്ചെ 4.35ന് തീർഥാടക സംഘം അവിടെയെത്തും. അതേദിവസം വൈകിട്ട് 4.30 ന് രണ്ടാമത്തെ വിമാനവും കരിപ്പൂരിൽ നിന്ന് പുറപ്പെടും. ഈ വർഷത്തെ ഹജ് ക്യാംപുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂർ ഹജ് ഹൗസിന്റെ ശിലാസ്ഥാപനവും വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ് തീർഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.സംസ്ഥാന ഹജ് കമ്മിറ്റി മുഖേന 16,194 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്ര പോകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 348 പേരും ഇതിൽ ഉൾപ്പെടും. ആകെ തീർഥാടകരിൽ 6,630 പേർ പുരുഷന്മാരും 9,564 പേർ സ്ത്രീകളുമാണ്. കരിപ്പൂർ എംബാർക്കേഷൻ വഴി 5,393 പേരും കൊച്ചി വഴി 5,990, കണ്ണൂർ വഴി 4,811പേരുമാണ് ഈ വർഷം യാത്ര പോകുന്നത്. സംസ്ഥാനത്ത് നിന്നുള്ള 24 പേർ ഇതര സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർഥാടകരിൽ 512 പേർ അറുപത്തിയഞ്ച് വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 2,311 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്.
തീർഥാടകരെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കരിപ്പൂർ ഹജ് ക്യാംപിൽ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ് ഹൗസിന്റെ ഇരുകെട്ടിടങ്ങളും സജ്ജമായി. ആദ്യ വിമാനത്തിലേക്കുള്ള തീർഥാടകർ വെള്ളിയാഴ്ച രാവിലെ 9 മണിക്കും രണ്ടാമത്തെ വിമാനത്തിലെ തീർഥാടകർ വെള്ളിയാഴ്ച വൈകിട്ട് നാലിനും ക്യാംപിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. കരിപ്പൂർ വിമാനത്താവളത്തിലെ പില്ലർ നമ്പർ അഞ്ചിലാണ് തീർഥാടകർ എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ് കമ്മിറ്റി ഒരുക്കിയ ബസിൽ തീർഥാടകരെ ക്യാംപിൽ എത്തിക്കും. തീർഥാടകരുടെ ലഗേജുകൾ കൈമാറുന്നതിനും സഹായങ്ങൾക്കുമായി സന്നദ്ധപ്രവർത്തകരുടെ സേവനം ലഭ്യമാകും. യാത്രയാക്കാനെത്തുന്നവർക്ക് ഹജ് ഹൗസിൽ വിശാലമായ പന്തൽ സൗകര്യവും ഏർപ്പെടുത്തി. ക്യാംപിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ താമസം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, പ്രാഥമികാവശ്യം, പ്രാർഥന എന്നിവയ്ക്കായി ഇരുകെട്ടിടങ്ങളിലും വിശാലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.തീർഥാടകർക്കു പാസ്പോർട്ട് ഉൾപ്പടെയുള്ള യാത്രാരേഖകളും യാത്രാ നിർദേശങ്ങളും ഹജ് സെൽ മുഖേന ക്യാംപിൽ ലഭ്യമാക്കും. ഓരോ വിമാനത്തിലും യാത്രയാകേണ്ട തീർഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയക്രമം ഹജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഹജ് ഇൻസ്പെക്ടർമാർ മുഖ്യ അപേക്ഷകനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കും. എയർ ഇന്ത്യാ എക്സ്പ്രസിന്റെ 173 പേർക്ക് സഞ്ചരിക്കാവുന്ന 31 വിമാനങ്ങളാണ് കരിപ്പൂരിൽ നിന്നും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പരമാവധി മൂന്നു വിമാനങ്ങളാണ് ഒരു ദിവസം സർവീസ് നടത്തുക. അവസാന ദിവസമായ മേയ് 22ന് ഒരു സർവീസാണ് ഉള്ളത്. ജൂൺ 25 മുതൽ മുതൽ ജൂലൈ 10 വരെ വരെയുള്ള ദിവസങ്ങളിൽ മദീന വഴിയാണ് കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര.കണ്ണൂരിൽ നിന്നും ആദ്യ വിമാനം മേയ് 11ന് ഞായറാഴ്ച പുലർച്ചെ നാലിന് 171 തീർഥാടകരുമായി യാത്ര തിരിക്കും. മേയ് 29 വരെ 29 സർവീസാണ് കണ്ണൂരിൽനിന്നും ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. യാത്രാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഹജ് കമ്മിറ്റി, എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, ഇമിഗ്രേഷൻ, സിഐഎസ്എഫ്, എയർ ഇന്ത്യ എക്സ്പ്രസ്സ് തുടങ്ങിയ വിവിധ ഏജൻസികളുടെ സംയുക്ത യോഗം കഴിഞ്ഞ ദിവസം ഹജ് ഹൗസിൽ ചേർന്നിരുന്നു. ഹജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അംഗങ്ങളായ അഡ്വ.പി മൊയ്തീൻ മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കൂത്ത്, ഹജ് സെൽ സ്പെഷൽ ഓഫിസറും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ യു.അബ്ദുൽ കരീം, സെൽ ഓഫിസർ കെ.കെ.മൊയ്തീൻ കുട്ടി തുടങ്ങിയവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കേരളത്തിൽനിന്ന് ഹജ് തീർഥാടനത്തിനുള്ള ആദ്യ വിമാനം ശനിയാഴ്ച പുലർച്ചെ 1.10ന് പുറപ്പെടും
0
വെള്ളിയാഴ്ച, മേയ് 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.