ന്യൂഡൽഹി: മൂന്ന് ദിവസത്തെ യുദ്ധ സമാനമായ സാഹചര്യത്തിനൊടുവിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎസ് മധ്യസ്ഥതയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിലേക്ക് നയിച്ചതെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ അവകാശവാദം.
എന്നാൽ മധ്യസ്ഥതയ്ക്ക് യുഎസ് ഉൾപ്പെടെയുള്ള മൂന്നാംകക്ഷിയുടെ പങ്കില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. 48 മണിക്കൂർ നേരം ഇരുരാജ്യങ്ങളുമായും ചർച്ച നടത്തിയെന്നും മധ്യസ്ഥ ചർച്ചകൾക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നേതൃത്വം നൽകിയെന്നുമാണ് യുഎസിന്റെ അവകാശവാദം.ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് കുറിപ്പിൽ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാക്ക് സൈനിക മേധാവി അസിം മുനീറുമായും ചർച്ച നടത്തിയിരുന്നുവെന്ന് ഉച്ചയ്ക്ക് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാണ് വെടിനിർത്തൽ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. വൈകിട്ട് വിക്രം മിസ്രി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം കൃത്യമായി പറയുകയും യുഎസിന്റെ മധ്യസ്ഥ ശ്രമം പരാമർശിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെന്ന അവകാശവാദം തള്ളിയിരിക്കുന്നത്. പാക്ക് ഡിജി മിലിട്ടറി ഓപ്പറേഷൻ, ഇന്ത്യൻ ഡിജി മിലിട്ടറി ഓപ്പറേഷനെ ഉച്ചകഴിഞ്ഞ് 3.35ന് വിളിച്ചിരുന്നുവെന്നും കര, നാവിക, വ്യോമ മേഖലകളിൽ വെടിവയ്പ്പും സൈനിക നടപടികളും ഇന്ന് അഞ്ച് മണിമുതൽ നിർത്തിവയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നുമാണ് വാർത്താ സമ്മേളനത്തിൽ വിക്രം മിസ്രി പറഞ്ഞത്. പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ എക്സ് കുറിപ്പിലും യുഎസിന്റെ മധ്യസ്ഥ ശ്രമത്തെ പറ്റി പരാമർശിക്കുന്നില്ല.
‘‘വെടിവയ്പ്പും സൈനിക നടപടിയും നിർത്തലാക്കുന്നതിനുള്ള ഒരു ധാരണയിലേക്ക് ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് എത്തിച്ചേർന്നു. എല്ലാ രൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലർത്തിയിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും.’’ – ജയശങ്കർ എക്സിൽ കുറിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.