ഇടതുപക്ഷ സര്‍ക്കാര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2026 ല്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട് : ഇടതുപക്ഷ സര്‍ക്കാര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2026 ല്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒൻപതു വര്‍ഷത്തിനിടെ സംസ്ഥാനം സര്‍വമേഖലകളിലും വലിയ പുരോഗതി കൈവരിച്ചു. എന്നാല്‍, യഥാര്‍ഥ ചിത്രം ജനങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നില്ല. അതു മറച്ചുവച്ച് മറ്റൊരു ചിത്രം അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തടസ്സം നേരിടുന്നതായാണ് പ്രചാരണം. എന്നാല്‍, വസ്തുത ഇതല്ലെന്ന് സമൂഹത്തിലെ മാറ്റങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം ആധുനിക വിജ്ഞാന ഉല്‍പാദന കേന്ദ്രമായി മാറി. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് പുറമെ 200 കോടി വീതം ചെലവിട്ട് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഐടി പാര്‍ക്കുകളിലെ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാനായി. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കേരളം ലോകത്തിനാകെ മാതൃകയാണിന്ന്. 3,000 സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് 6,300 ആയി വര്‍ധിച്ചു. 5,800 കോടി രൂപയുടെ നിക്ഷേപവും 60,000 തൊഴിലവസരങ്ങളും ഇതുവഴി സാധ്യമായി. ദേശീയ തലത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍, കൊച്ചി വാട്ടര്‍ മെട്രൊ, തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാം കേരളത്തിന്റെ സംഭാവനകളാണ്. ഇന്നൊവേഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജിനോ ഡേറ്റ സെന്റര്‍, മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ തയാറെടുപ്പുകള്‍ നടന്നു വരുന്നു. 
കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന ധാരണ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മാറ്റിയെടുക്കാനായി. നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി അതില്‍ വിജയിക്കുകയും ചെയ്തു. ആളുകളുടെ മനോഭാവത്തിലും മാറ്റമുണ്ടായി. നിരവധി സംരംഭങ്ങള്‍ ആരംഭിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ആഭ്യന്തര നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനായി. മൂന്ന് വര്‍ഷംകൊണ്ട് നികുതി വരുമാനം 47,000 കോടിയില്‍നിന്ന് 81,000 കോടിയിലേക്കും തനത് വരുമാനം 55,000 കോടിയില്‍നിന്ന് 1,04,000 കോടിയിലേക്കും ഉയര്‍ത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അതിലൂടെ മികച്ച തീരുമാനങ്ങളെടുത്ത് നടപ്പാക്കാനുമുള്ള ശ്രമമാണ് ഒൻപതു വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ഇ.കെ. വിജയന്‍, പി.ടി.എ. റഹീം, കെ.പി. കുഞ്ഞഹമ്മദ് കുട്ടി, കെ.എം.സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഫിനാന്‍സ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍, എഡിഎം സി.മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വയനാട് തുരങ്കപാതയ്ക്ക് തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി

വയനാട് തുരങ്കപാതയ്ക്കായി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഇതിൽ തടസ്സങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുകയും ഇപിസി ടെന്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കോഴിക്കോട് ജില്ലാതല യോഗത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാത വികസനത്തിന്റെ പ്രവൃത്തി വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നു. വെങ്ങളം-രാമനാട്ടുകര റീച്ചില്‍ 95 ശതമാനവും അഴിയൂര്‍-വെങ്ങളം റീച്ചില്‍ 65 ശതമാനവും പ്രവൃത്തി പൂര്‍ത്തീകരിച്ചു. 

∙ കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി നിര്‍മാണം അടുത്തവര്‍ഷം

കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും. 14 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന കനാല്‍ സിറ്റിക്കായി പത്തേക്കര്‍ ഭൂമി ഏറ്റെടുക്കും. 1,118 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


∙ ബേപ്പൂര്‍ തുറമുഖം വികസനം പരിഗണനയില്‍

ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വലിയ കപ്പല്‍ അടുപ്പിക്കുന്നതിനുള്ള ആഴംകൂട്ടല്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ ഒരുക്കുന്നതിനായി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് മീറ്റര്‍ ആഴം കൂട്ടുന്ന പ്രവൃത്തികളുടെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ ചുമതലപ്പെടുത്തി. മഴക്കാല പഠനം ഉള്‍പ്പെടെ നടത്തി ഒക്ടോബറില്‍ പൂര്‍ത്തിയാക്കും.


∙ വിലങ്ങാട് പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും

വിലങ്ങാട് ദുരിതബാധിതരുടെ പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും. വീട് പൂര്‍ണമായി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതവും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതവും 488 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ട 77 കുടുംബങ്ങള്‍ക്ക് ദിവസം 300 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്.


∙ അവയവമാറ്റ ആശുപത്രി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

കോഴിക്കോട്ട് അവയവമാറ്റ ആശുപത്രി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുകയും 558.68 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ചേവായൂരിലെ ത്വക്‌രോഗ ആശുപത്രി ക്യാംപസില്‍ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാവുന്നതിന് കാത്തുനില്‍ക്കാതെ മെഡിക്കല്‍ കോളജിന്റെ സൗകര്യം ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷ. പരിശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 885 കോടിയുടെ സ്വകാര്യ നിക്ഷേപത്തിന് വിവിധ കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുവഴി 14,965 തൊഴിലവസരങ്ങള്‍ ലഭ്യമാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാഹിത്യ പ്രതിഭകളെ അടയാളപ്പെടുത്തുന്ന മലബാര്‍ ലിറ്റററി സര്‍ക്യൂട്ടിന്റെ ആദ്യഘട്ടമായ ബേപ്പൂര്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പൂര്‍ത്തീകരണം അവസാന ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിനുള്ള പദ്ധതിരേഖ തയാറാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 


അതിദാരിദ്ര്യ നിര്‍മാര്‍ജനം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 5,381 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിതരാക്കാന്‍ സാധിച്ചു. മാലിന്യമുക്ത കേരളം, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം, മനുഷ്യമൃഗ സംഘര്‍ഷം, ബീച്ച് ടൂറിസം പദ്ധതി, ലഹരി വിമുക്ത ക്യാമ്പയിന്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നയവും ലക്ഷ്യങ്ങളും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !