മലപ്പുറം: കേരള ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന മുഴുവൻ ഹാജിമാർക്കും കരിപ്പൂർ ഹജ്ജ് ഹൌസിൽ ഒരുക്കിയ ഹജ്ജ് ക്യാമ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ വർഷവും സൗജന്യമായി വൈദ്യ പരിശോധനയും ആയുർവേദ യുനാനി മെഡിക്കൽ കിറ്റും ലഭ്യമാക്കും.
മെഡിക്കൽ ക്യാമ്പിന്റെ ഔപചാരിക ഉത്ഘാടനം മെയ് 9 ന് വെള്ളിയാഴ്ച വൈകുന്നേരം 7 .30ന് ഹജ്ജ് ഹൌസിൽ ടി.വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും.9 ന് വെള്ളിയാഴ്ച രാവിലെ ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നത് മുതൽ തന്നെ പ്രവർത്തനമാരംഭിക്കുന്ന മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ഈ മാസം 22 വരെ നീണ്ടു നിൽക്കും. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി യിൽ 12 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് കരിപ്പൂർ വഴി പോകുന്ന ഹാജിമാർക്കായി സൗജന്യ മരുന്ന് വിതരണം നടത്തുന്നത്.
കഴിഞ്ഞ വർഷം മുതലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹജ്ജാജിമാർക്കായി ആവശ്യ മരുന്നുകളുടെ സൗജന്യ വിതരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുകൾ ഹാജിമാർക്ക് വലിയ ആശ്വാസമായിരുന്നു.മക്കയിലെയും മദീന യിലെയും പ്രത്യേക കാലാവസ്ഥയിൽ ഉണ്ടായേക്കാവുന്ന അസുഖങ്ങൾക്കും നിലവിൽ വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ഫലപ്രദമായി ഉപയോഗപ്പെടുന്ന ആയുർവേദ യുനാനി മരുന്നുകളാണ് നൽകുന്നത്.
ആയുർവേദ യുനാനി മരുന്ന് വിതരണത്തിനായി ഹജ്ജ് ഹൌസിൽ വെവ്വേറെ തന്നെ സജ്ജീകരിച്ചിട്ടുള്ള കൌണ്ടറുകളിൽ ആരോഗ്യ ബോധവൽക്കരണവും ഡോക്ടർമാരുടെ സേവനവും സൗജന്യ മെഡിക്കൽ കിറ്റും 24 മണിക്കൂറും ലഭ്യമാവും.
ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ച് കൊണ്ടാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ ക്യാമ്പ് ഒരുക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി യൂനാനി ഫസ്റ്റ് എയ്ഡ് കിറ്റ് ആയ 'സിഹത് യൂനാനി കിറ്റ്' ഈ വർഷവും തയ്യാർ ചെയ്തിട്ടുണ്ട്.
യൂനാനി മെഡിക്കൽ ക്യാമ്പിന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഗവണ്മെന്റ് യൂനാനി മെഡിക്കൽ ഓഫീസർമാരാണ് നേതൃത്വം നൽകുന്നത്.
ആയുർവേദ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നത് ജില്ലാ ആയുർവേദ ഡി. എം. ഓ.യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ ആയുർവേദ ആശുപത്രികളിലെ സീനിയർ മെഡിക്കൽ ഓഫീസർമാരാണ്.
ക്യാമ്പിൽ എത്തുന്ന രോഗികളെ വിശദമായി പരിശോധിച്ച് അവരവരുടെ രോഗാവസ്ഥ അനുസരിച്ച് തന്നെ ചികിത്സ നിര്‍ദേശിക്കും. മാനസീക സമ്മർദ്ദം കുറക്കുന്ന യോഗയുടെ “ ഇൻസ്റ്റന്റ് റിലേക്സേഷൻ ടെക്‌നിക് ” പരിശീലനവും ഹാജിമാർക്ക് നൽകുന്നുണ്ട്.
സർക്കാർ സ്ഥാപനമായ ഔഷധിയിൽ നിന്നാണ് ജില്ലാ പഞ്ചായത്ത് മരുന്നുകൾ ലഭ്യമാക്കിയിട്ടുള്ളത് . തൊണ്ട വേദന , ചുമ , കഫക്കെട്ട് തുടങ്ങി ഹാജിമാർക്ക് ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ രോഗങ്ങൾക്കും ചികത്സ തേടാവുന്നതാണ്. ദഹന സമ്പന്ധമായ അസുഖങ്ങൾ , പേശി വേദന , സന്ധി വേദന , ത്വക്ക് രോഗങ്ങൾ എന്നീവക്കും മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ഹാജിമാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.