കൊച്ചി; ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നു പേടിയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം.
താൻ നിരപരാധിയാണെന്നും അറസ്റ്റിലായാൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ സുൽത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും ഈ മാസമാദ്യം പിടിയിലായിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോൾ, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‍ലിമയുടെ ഫോണിൽ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ.
കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ തസ്‌ലിമ തന്നെ കാണാനെത്തിയിരുന്നെന്ന് ഹർജിയിൽ പറയുന്നു. അന്ന് ക്രിസ്റ്റീന എന്നാണ് പേരു പറഞ്ഞത്. ആരാധികയാണെന്നു പറഞ്ഞ് ഒരു സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടൽ. അന്നു ഫോൺ നമ്പറും വാങ്ങിയിരുന്നു. പിന്നെ ഏപ്രിൽ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്നു ചോദിച്ച് അപ്രതീക്ഷിതമായി വിളിക്കുകയായിരുന്നു.
കളിയാക്കുകയാണ് എന്നു കരുതി ഫോൺ കട്ട് ചെയ്തു. പിന്നാലെ, ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസേജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് മറുപടി അയച്ചെന്നും തസ്‍ലിമ അയച്ച മറ്റു മെസജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.