മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം 'എമ്പുരാനെ'തിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ഡിജിപി ആര്. ശ്രീലേഖ.
ചിത്രം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നില്‍ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ചിത്രം സമൂഹത്തിന് നല്കുന്ന സന്ദേശം അങ്ങേയറ്റം മോശമാണ്. തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കന്ന സാഹചര്യത്തില്‍, ബിജെപിയോട് കൂറുകാണിക്കുന്നവരെ പിന്തിരിപ്പിക്കണം എന്ന ലക്ഷ്യത്തോടെ എടുത്തതാണോ ചിത്രം എന്ന് പോലും തനിക്ക് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ശ്രീലേഖ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 'എമ്പുരാന് എന്ന സിനിമ വെറും എമ്പോക്കിത്തരം', എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചത്. ചിത്രത്തിന്റെ തീയറ്ററില്‍നിന്ന് ചിത്രീകരിച്ച ഭാഗങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് മുന്‍ഡിജിപിയുടെ വ്ലോഗ്.
ആര്. ശ്രീലേഖ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍:
എമ്പുരാന് കണ്ടു. കാണണ്ട എന്ന് കരുതിയിരുന്നതാണ്. മാര്‍ക്കോ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ആളുകള്‍ പ്രതിഷേധം പറഞ്ഞിരുന്നത് അതിലെ വയലന്‍സിനെതിരെയായിരുന്നു. ഏകദേശം അതുപോലെയുള്ള വയലന്‍സ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആളുകള്‍ ആരും കാര്യമായി പറയുന്നത് കേട്ടില്ല.
സിനിമയിലൂടെ വയലന്‍സിനെ മഹത്വവത്കരിക്കുമ്പോള് ചിലരുടെ ഇടയിലെങ്കിലും സ്വാധീനം വരാം. എനിക്ക് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള നായകനടന്മാരില് ഒരാളായിരുന്നു മോഹന്‍ലാല്‍. എമ്പുരാന് കണ്ടതുകൊണ്ട് മാത്രമല്ല, അതിന് മുമ്പ് ഇറങ്ങിയ പല സിനിമകളും വലിയ നിരാശയാണ് നല്‍കിയത്.
ഇറങ്ങി രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ കണ്ടത്. കട്ട് ചെയ്ത എഡിഷനൊക്കെ ഇറങ്ങുന്നതിന് മുമ്പ്. ഇതിനകത്ത് ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന മെസ്സേജ് യാദൃച്ഛികമായി വന്ന മെസ്സേജ് അല്ലന്നാണ് എന്റെ അഭിപ്രായം.
ഇത് മനഃപൂര്‍വം നമ്മുടെ കേരള രാഷ്ട്രീയത്തെ, അല്ലെങ്കില്‍ രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി, കേരളത്തില്‍ ബിജെപി അല്ലെങ്കില്‍ കാവി കടക്കാന്‍ പാടില്ല, കടന്നുകഴിഞ്ഞാല്‍ കേരളം നശിക്കും എന്ന രീതിയില്‍ കാണിക്കുന്ന കുറേയധികം ചുറ്റുപാടുകളും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും നിരന്തരം വരുന്നുണ്ട്.
നാര്‍കോട്ടിക്സ് ബിസിനസ് തടയാന്‍ വേണ്ടി നിരന്തരം ആളുകളെ കൊല്ലുന്നു. കൊലപാതകം എന്ന് പറയുന്നത് ഡേര്‍ട്ടി ബിസിനസ് അല്ല. അത് നടത്താം ചെയ്യാം, പക്ഷേ നാര്‍കോട്ടിക്സ് ഡേര്‍ട്ടി എന്ന് പറയുന്ന ഇരട്ടത്താപ്പിനോടുള്ള സിനിമയുടെ സമീപനം എനിക്ക് ലൂസിഫര്‍ കണ്ടപ്പോള്‍ അപഹാസ്യമായും വൃത്തികേടായും തോന്നിയിരുന്നു. അതുതന്നെ ഇവിടെ ആവര്‍ത്തിക്കുകയാണ്. എമ്പുരാന് എന്ന് പറയുന്നത് എംബ്രാന് ആണെന്ന് എനിക്ക് തോന്നുന്നു. അതിന്റെ ഒരു വെര്ഷന് ആണെന്ന് എമ്പുരാന്, ഓവര്‍ലോഡ് എന്നൊക്കെ പറയുന്നുണ്ട്.
പൃഥ്വിരാജ് ലൂസിഫറില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. അതില്‍ സട്ടിലായിട്ടുള്ള വരവായിരുന്നു. പക്ഷേ ഇതില്‍ മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ പൃഥ്വിരാജ് നിറഞ്ഞുനില്ക്കുന്ന സിനിമയാണ്. സയ്യിദ് മസൂദ് എങ്ങനെ സയ്യിദ് മസൂദ് ആയി എന്ന് കാണിക്കാന്‍ വേണ്ടി ഇതുപോലെ ഗോധ്ര കലാപം വലിച്ച് കൊണ്ടുവരികയും അത് വികലമായി കാണിക്കുകയും, അതായത് ആ ട്രെയിന്‍ കത്തുന്നത് ശരിക്കും കാണിക്കുന്നില്ല, അത് എഡിറ്റ് ചെയ്യുമ്പോഴും അതിന്റെ ഒന്നും മാറാന്‍പോകുന്നില്ല. അതിന്റെ കഥ എന്ന് പറയുന്നത് ഇപ്പോഴും കഥയായിട്ട് തന്നെ ഇരിക്കും. സിനിമയുടെ സന്ദേശം ഇപ്പോഴും അതുപോലെ ഇരിക്കും, കുറെ സീനുകള്‍ മാറ്റിയതുകൊണ്ടോ അതിനകത്തെ മുഖ്യ വില്ലന്റെ പേര് മാറ്റിയതുകൊണ്ടോ കാര്യമില്ല.
ഹനുമാന്റെ പേരിട്ട് ബജ്റംഗ് ഭായി എന്ന് പറയുന്ന ആളാണ് വില്ലന്‍. ബല്‍രാജ് ഭയ്യ എന്ന് ആക്കിയതുകൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ല. ഇതിനകത്ത് പറഞ്ഞിരിക്കുന്നത് വയലന്‍സാണ്. ഇതിനകത്തുള്ളത് ബിജെപി വന്നുകഴിഞ്ഞാല്‍ നമ്മുടെ രാജ്യം കുട്ടിച്ചോറാവും, കേരളം എന്ന് പറഞ്ഞ് ഇപ്പോള്‍ നല്ലതായിട്ടിരിക്കുന്ന, മതസൗഹാര്‍ദത്തോടുകൂടി സ്നേഹത്തോടുകൂടി എല്ലാം നല്ലതായി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചുസംസ്ഥാനം കൊക്കൂണില്പ്പെട്ട് ഭാരതത്തിന്റെ ഭാഗമല്ലാതെ മാറി കിടക്കുന്നത് തന്നെയാണ് സേഫ്, ഭാരതത്തിന്റെ ഭാഗമാകണ്ട എന്നൊരു തെറ്റായധാരണ സമൂഹത്തിന് നല്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കും ബിജെപി വിശ്വാസത്തില്‍ നില്ക്കുന്ന ആളുകള്‍ക്കും വലിയ ചാട്ടവാര്‍ അടിപോലെയാണ് ഓരോ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സംസാരങ്ങളും കേള്‍ക്കുമ്പോള്‍... ഇതിവിടെ വേണ്ട, ഏറ്റവും വലിയ മാഫിയാ തലവന്‍ എമ്പ്രാം ഖുറേഷി എന്നയാള്‍ക്ക് മാത്രമേ കേരളത്തിനെ രക്ഷിക്കാന്‍ പറ്റൂ എന്നിവിടെ നിന്ന് ആക്രോശിക്കുന്ന ഒരുസംഘം ആളുകള്‍.
കാവി വന്നുകഴിഞ്ഞാല്കേരളം നശിക്കും എന്നൊരു ധ്വനി സിനിമയില്‍ ഉടനീളം കൊടുക്കുന്നത് വളരെ അസഹനീയമായി തോന്നി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വരുന്നു, അതുകഴിഞ്ഞ് അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് വരുന്നു അപ്പോ അതുകൊണ്ട് ബിജെപിയിലോട്ട് ഇങ്ങനെ കൂറ് കാട്ടി നില്ക്കുന്ന ആള്‍ക്കാരെ അതില്‍ നിന്ന് ഏതു വിധത്തിലും പിന്തിരിപ്പിക്കണം എന്ന ആശയത്തോടുകൂടി എടുത്തതാണോ എന്ന് പോലും എനിക്ക് സംശയമുണ്ട്.
ജനങ്ങളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന മോഹന്‍ലാലിനെ പോലെയും പൃഥ്വിരാജിനെ പോലെയും ഒക്കെയുള്ള ആളുകള്‍ ഇതുപോലെയുള്ള ഒരു റോള്‍ ചെയ്യുമ്പോള്‍ ഒരു വല്ലാത്ത വിഷമം ആണ് നമുക്ക് തോന്നുന്നത്. അതിന്റെ സ്ക്രിപ്റ്റ് റൈറ്റിങ്ങിന്റെ മാത്രം കുഴപ്പം കൊണ്ടല്ല എല്ലാം കൂടെ ചേര്‍ന്ന് ഇതിനെ ഒരു വല്ലാത്ത സിനിമയാക്കി. കേരളത്തിനെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന നടപടിയായി എനിക്ക് തോന്നി.
നമ്മള് മറന്നുകിടക്കുന്ന സംഭവമാണ് ഗോധ്ര കലാപം. കുറേവര്‍ഷം മുമ്പ് നടന്നത് മറന്നുകിടന്നത് വീണ്ടും അതിന്റെ തീ ആളിക്കത്തിച്ച് നമ്മുടെ മനസില്‍ വര്‍ഗീയവിദ്വേഷം കുത്തി നിറയ്ക്കാന്‍ ഉതകുന്ന രീതിയില്‍ ചിത്രീകരിക്കുന്നു.
എന്‍ഐഎയ്ക്ക് ഒരിക്കലും പിഎംഎല്‍എ പ്രകാരം കേസ് എടുക്കാന്‍ സാധിക്കില്ല. എന്‍ഐഎ ഒരിക്കലും ഒരുപ്രതി കൈവിലങ്ങ് വെയ്ക്കാറില്ല. കൈവിലങ്ങ് വെക്കുന്നത് ലോക്കല്‍ പോലീസ് പോലും വളരെ അപൂര്‍വ്വമായേ ചെയ്യാറുള്ളൂ. കൈവിലങ്ങ് എന്ന സാധനം കേന്ദ്ര ഓഫീസുകളില്‍ ഇല്ലേയില്ല.
കേന്ദ്രസര്‍ക്കാരിനെ കരിവാരി തേക്കുകയാണ്. ചരിത്രത്തെ വളച്ചൊടിച്ചു ശരിക്കും വേറൊരു രീതിയിലാണ് കാണിക്കുന്നത്. ഭാരതത്തിലും അല്ലെങ്കില്‍ കേരളത്തിലും ഹിന്ദുക്കള്‍ക്ക് യാതൊരു സ്ഥാനവുമില്ല, ഇവരെല്ലാവരും ക്രൂരന്മാരാണ്, എല്ലാ ഹിന്ദുക്കളും ഫാസിസ്റ്റ് ആണ് എന്നൊക്കെയാണ് പറയുന്നത്. ഫാസിസത്തിന്റെ അര്‍ഥം പോലും അവര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു എന്നുള്ള രീതിയില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ നോക്കുമ്പോള്‍ അത് തീര്‍ച്ചയായിട്ടും ചരിത്രത്തിന്റെയും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെയും ഒരു വളച്ചൊടിക്കല്‍ തന്നെയാണ് അതിന്റെ ഉദ്ദേശം.
ഈ സിനിമയില്‍ ഒരുപാട് വൃത്തികേടുകള്‍ കാണിക്കുന്നുണ്ട്. കുട്ടികളെ കാണാനേ അനുവദിക്കാന്‍ പാടില്ലാത്ത സിനിമയാണ്. എനിക്ക് മനസ്സിലാകുന്നില്ല മുഖ്യമന്ത്രി എന്തിനാണ് ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹത്തിന്റെ ചെറുമകനായിട്ടുള്ള ഇഷാനെ കൊണ്ടുപോയത്? പാവം ആ കുഞ്ഞിനെ എന്തുമാത്രം വല്ലാതെ ഉലച്ചിട്ടുണ്ടാവും ഈ കാഴ്ചകളൊക്കെ. ഒരു സ്ത്രീയെ റേപ്പ് ചെയ്യുന്ന സീനും വയലന്‍സും അതിനകത്തുള്ള തുരുതുരാ എന്നുള്ള വെടിവെപ്പുകളും ഇതെല്ലാമുള്ള ഒരു സിനിമയാണിത്.
വിഷം ചീറ്റുന്നുണ്ട്. വര്‍ഗീയ വിഷം മാത്രമല്ല രാഷ്ട്രീയ വിഷം ചീറ്റുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി കൊള്ളില്ല, ഈ രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയാണ്, എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയാണ്, ഈ പാര്‍ട്ടിയെ കേരളത്തിലോട്ട് നമുക്ക് കൊണ്ടുവരാന്‍ പറ്റില്ല ഇവിടെ മുഴുവന്‍ നശിച്ചുപോകും എന്നുള്ള ഒരു ധ്വനി ഇങ്ങനെ ചീറ്റി ചീറ്റി വിടുന്നുണ്ട്. അതുകൊണ്ട് മാത്രം എനിക്ക് ഈ സിനിമ വളരെ മോശമായി തോന്നി. ഉദ്ദേശം വ്യക്തമാണ്, പുറകില്‍ എന്തോ വ്യക്തമായ ലക്ഷ്യത്തോടും ഉദ്ദേശത്തോടും കൂടി ചെയ്തിരിക്കുന്നതാണ്.
ചിത്രം സമൂഹത്തിന് നല്കുന്ന സന്ദേശം അങ്ങേയറ്റം മോശമാണ്. ഇത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത, അല്ലെങ്കില്‍ വേറൊരു രീതിയില്‍ എടുക്കേണ്ട സിനിമയായിരുന്നു. ഇങ്ങനെയൊരു രീതിയില്‍ എടുത്തതിന്റെ പിന്നില്‍ വേറൊരു ഉദ്ദേശലക്ഷ്യമുണ്ട് എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഇതിന്റെ നിരൂപണം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.