കൊച്ചി; കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ സ്റ്റേജ് തയാറാക്കിയത് കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ രൂക്ഷ വിമർശനവും എംഎൽഎ ഉന്നയിച്ചു.
സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ തനിക്ക് വീണ് പരുക്കേറ്റശേഷവും മന്ത്രി സജി ചെറിയാൻ ആ പരിപാടിയിൽ തുടർന്നെന്നും അദ്ദേഹത്തിന്റെ സമീപനം സാംസ്കാരിക മന്ത്രിക്ക് സംസ്കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു.അഴയിലിട്ട തുണി വീണ ലാഘവത്തോടെയാണ് വീഴ്ചയ്ക്കുശേഷം പലരും സ്വന്തം സീറ്റുകളിൽ പോയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. എന്തു സംഭവിച്ചെന്ന് അന്വേഷിക്കാൻ മന്ത്രിയുൾപ്പെടെ ഉള്ളവർ തയാറായില്ല. മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നു സ്റ്റേജ് നിർമാണം.
ബാരിക്കേഡിന് മുകളിലായാണ് സ്റ്റേജ് നിർമിച്ചത്. ജിസിഡിഎയ്ക്കും പൊലീസിനും ക്ലീൻചിറ്റ് നൽകി അപകടം സംഘാടകരുടെ മാത്രം കുഴപ്പമാക്കി മാറ്റുകയാണ്. കരാറടക്കം പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണം.’– ഉമ തോമസ് പറഞ്ഞു.
അപകടത്തിനുശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ല. വേണ്ട സമയത്ത് വിളിക്കാൻ പോലും അവർ തയാറായില്ല. അവരിൽനിന്ന് ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നു. ദിവ്യ ഉണ്ണിയെ പോലുള്ളവർ സാമൂഹിക ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ഉമ തോമസ് പറഞ്ഞു.
ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിൽ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ ചേർന്ന് അവതരിപ്പിച്ച മൃദംഗനാദം പരിപാടിക്കിടെ ഉമ തോമസിന് സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരുക്കേറ്റത്. പതിനഞ്ചടി താഴ്ചയിലുള്ള കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. നാൽപതിലേറെ ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഉമ തോമസ് ആരോഗ്യം വീണ്ടെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.