കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിക്കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും മൊഴികൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കൊച്ചി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ.
സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സാമ്പിളുകൾ പരിശോധനയ്ക്കയച്ച് റിപ്പോർട്ട് വന്നശേഷം നടപടിയിലേക്ക് കടക്കും. ഇതിനോടൊപ്പം മറ്റ് അന്വേഷണങ്ങളും നടക്കുന്നുണ്ട്.സാക്ഷികളുടെയൊക്കെ മൊഴി എടുത്ത ശേഷം, അതിന്റെ ഫലം നോക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകും. നിലവിൽ ചോദ്യംചെയ്യലിന് ഷൈനിനെ വിളിപ്പിച്ചിട്ടില്ല. ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കും. അന്വേഷണവുമായി ഷൈൻ സഹകരിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
ലഹരി സംഘങ്ങളുമായുള്ള ഇടപാടിൽ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷിക്കുന്നുണ്ട്. ഷൈൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണോ എന്ന് ഔദ്യോഗികമായി പറയാനായിട്ടില്ല. ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഏത് തരത്തിലുള്ള ലഹരിയാണ് എന്നത് പരിശോധിക്കേണ്ടതുണ്ട്.
പോലീസ് വന്നപ്പോൾ ഗുണ്ടകളാണെന്ന് കരുതി ഹോട്ടലിൽനിന്ന് ഓടിപ്പോയെന്നാണ് ഷൈൻ പറഞ്ഞത്. ഇക്കാര്യം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോദിച്ചറിയുന്നുണ്ട്. ഗുണ്ടകളാണെന്ന് കരുതിയിട്ടാണ് ഓടിയതെങ്കിൽ പോലീസിനെ ബന്ധപ്പെടാമായിരുന്നു, അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് അക്കാര്യംകൂടെ പരിശോധിക്കുന്നുണ്ട്.
കേസിൽ കൂടുതൽ പ്രതികളുണ്ടാകുമോ എന്നകാര്യം പറയാനായിട്ടില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. വിശദമായ അന്വേഷണം നടത്തിയശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ. പോലീസുകാർ വന്നപ്പോൾ ഓടിപ്പോയ സാഹചര്യവും ചോദ്യംചെയ്തപ്പോൾ കിട്ടിയ കാര്യങ്ങളും വെച്ച് നോക്കിയപ്പോൾ അന്വേഷണം ആവശ്യമാണെന്ന് തോന്നി. അങ്ങനെയാണ് കേസെടുത്തത്.
സിനിമാ മേഖലയിലെ കൂടുതൽ നടന്മാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങളിൽ വന്നിട്ടുണ്ട്, ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കാര്യത്തിൽ ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ച് നടപടി എടുക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. ഷൈനിന്റെ മൊഴിയിൽ ഇത്തരത്തിൽ ഒരു കാര്യം വ്യക്തമായി പറയുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.