ചെയ്യാത്ത തെറ്റിന്റെ പാപ ഭാരം പേറി വർഷങ്ങൾ,ഈ ഉയിർപ്പിന്റെ നാളുകൾ പക്ഷെ ജോമോന്റേത് കൂടിയായിരുന്നു..!

കോട്ടയം ; 2017 ഡിസംബർ. വീട്ടിൽ സന്ധ്യാപ്രാർഥനയ്ക്കു ശേഷം കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നതാണ് കോട്ടയം ആയാംകുടി സ്വദേശി ജോമോൻ.

പെട്ടെന്നാണ് വീട്ടിലേക്ക് പൊലീസുകാർ എത്തിയത്.  ബലമായി പിടിച്ചു കൊണ്ടു പോകുമ്പോൾ, എന്താണു കാര്യമെന്ന് അന്വേഷിച്ചെങ്കിലും സ്റ്റേഷനിലെത്തിച്ച ശേഷമാണ് തൻ്റെ പേരിലുള്ള കേസ്  എന്താണെന്ന് ജോമോൻ അറിഞ്ഞത് - സ്വന്തം പാരാമെഡിക്കൽ സ്ഥാപനത്തിലെ വിദ്യാർഥിനിയെ  നഴ്സിങ് പരിശീലനത്തിന് കൊണ്ടുപോയപ്പോൾ പീഡിപ്പിച്ചു. അതുകേട്ട് തകർന്നു പോയ ജോമോന് എന്തു പറയണമെന്നു പോലും അറിയാതായി.


മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമായിരുന്നു അത്.ചെയ്യാത്ത തെറ്റിന്റെ പാപ ഭാരവും പേറിയാണ് കഴിഞ്ഞ ഏഴു വർഷം ജോമോൻ ജീവിച്ചത്. എന്നാൽ പ്രത്യാശയുടെ, ഉയിർപ്പിന്റെ ഈ നാളുകൾ ജോമോനും ഉയർത്തെഴുന്നേൽപ്പിന്റേതാണ്. നൽകിയ പരാതി വ്യാജമാണെന്ന് പെൺകുട്ടി തന്നെയാണ് കോടതിക്കു മുന്നിൽ പറഞ്ഞത്. 

പള്ളിയിലെത്തി ജോമോന്റെ നാട്ടുകാരുടെ മുന്നിൽ വച്ച് അദ്ദേഹത്തോട് ക്ഷമാപണവും നടത്തി. ഇത് ജോമോന്റെ രണ്ടാം ജീവിതമാണ്. കുറ്റവാളി എന്ന് മുദ്ര കുത്തിയവരുടെ മുന്നിൽ ഇനി നെഞ്ചു നിവർന്ന് അദ്ദേഹത്തിന് നടക്കാം. കേസിനെപ്പറ്റിയും താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെപ്പറ്റിയും മനസ്സുതുറക്കുകയാണ് സി.ഡി. ജോമോൻ

വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിലൂടെ കുറ്റവാളിയെ പോലെ 2017ൽ എന്റെ പാരാ മെഡിക്കൽ പരിശീലന സ്ഥാപനത്തിലെ വിദ്യാർഥികളെ ഒരു വർഷത്തെ പരിശീലനത്തിനായി മഹാരാഷ്ട്രയിലെ പല ആശുപത്രികളിലേക്ക് അയച്ചിരുന്നു.


പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ ഉടനാണ് അധ്യാപകൻ പീഡിപ്പിച്ചെന്ന് ആ വിദ്യാർഥിനി പരാതി നൽകിയത്. പരിശീലനത്തിന് പോകുന്ന വഴി മംഗള എക്സ്പ്രസിൽ വച്ചും കോളജിലെ ഓഫിസ് മുറിയിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു കേസ്. പീഡന വിവരം പുറത്തു പറഞ്ഞാൽ ട്രെയിനിൽനിന്ന് തള്ളിയിട്ടു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.  2017 ഡിസംബറിലാണ് പൊലീസ് എന്നെ കസ്റ്റഡിയിലെടുക്കുന്നത്. സന്ധ്യയ്ക്ക് ഏതാണ്ടൊരു ഏഴരയായിക്കാണും. ഞാൻ കുടുംബത്തോടൊപ്പം പ്രാർഥന കഴിഞ്ഞ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

അപ്പോഴാണ് പൊലീസ് വീട്ടിൽ എത്തുന്നത്. ഒരാൾ സിവിൽ വേഷത്തിലും സിഐ യൂണിഫോമിലുമായിരുന്നു എത്തിയത്. വീട്ടിലെത്തിയ അവർ ഒരു പെൺകുട്ടി പരാതി നൽകിയിട്ടുണ്ട് എന്നു പറഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. എന്റെ കൈയ്ക്ക് കയറി പിടിച്ചു. എന്നിട്ട് ഒന്നരക്കിലോമീറ്ററോളം നടത്തിച്ചു. ഒരു കോളനി ഭാഗത്താണ് എന്റെ വീട്. അവിടെയുണ്ടായിരുന്ന എല്ലാവരും കാണുന്ന രീതിയിലാണ് എന്നെ പൊലീസ് അതുവഴി നടത്തിച്ച് കൊണ്ടുപോയത്. കേസ് എന്താണെന്നൊന്നും പറയാതെയാണ് സ്റ്റേഷനിലെത്തിച്ചത്. 

പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും എന്താണ് കേസ് എന്ന് പറഞ്ഞിരുന്നില്ല. രാത്രി 11.30 നാണ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. അപ്പോഴാണ് കോളജിലെ വിദ്യാർഥിയെ പീഡിപ്പിച്ചതാണ് കേസ് എന്ന് അറിഞ്ഞത്. വീട്ടിലെത്തി രണ്ടുമൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഒരു സ്റ്റേറ്റ്മെന്റ് എടുക്കാനുണ്ട്, സ്റ്റേഷനിലെത്തണമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് വീണ്ടും ഒരു വെള്ളിയാഴ്ച സ്റ്റേഷനിലെത്തിയത്.  സിഐ ഓഫിസിലാണ് ആദ്യം എത്തിയത്. 

വൈകിട്ട് സിഐ ഓഫിസ് അടച്ചപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ പറഞ്ഞു. പിന്നെ അവിടെ വച്ച് ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയും ശനിയും ഞായറും ലോക്കപ്പിൽ കിടന്നു. പക്ഷേ, എനിക്കെതിരെ പരാതി നല്‍കിയ കുട്ടിയെ കൊണ്ട് ശനിയാഴ്ച ഉച്ചയ്ക്കാണ് പരാതി കൊടുപ്പിക്കുന്നത്. ആ പരാതിയിലാണ് വെള്ളിയാഴ്ച മുതൽ പൊലീസ് എന്നെ ലോക്കപ്പിലിട്ടത്. ഞായറാഴ്ച് ഉച്ചയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച കോടതിയിലും ഹാജരാക്കി.

ഭീഷണിപ്പെടുത്തി, സഹികെട്ട് പരാതിയിൽ ഒപ്പിട്ടു എനിക്കെതിരെ പരാതി നൽകിയ പെൺകുട്ടി എവിടെയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അവൾ കോളജിൽ പഠിക്കുന്ന കാലത്ത് ഒരു ആൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ഒരിക്കൽ അവൻ  വിളിച്ച്, എനിക്കെതിരെ പീഡന പരാതി നൽകുമെന്നും കേസ് നൽകാതിരിക്കണമെങ്കിൽ പണം കൊടുക്കണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് ഞാൻ അതൊന്നും കാര്യമാക്കിയില്ല. എന്നാൽ പിന്നീട് കേസ് വന്നപ്പോഴാണ് അന്ന് അവൻ പറഞ്ഞതൊക്കെ ഞാൻ ഓർത്തെടുത്തത്.

2015 ലാണ് ഞാൻ ഒരു പാർട്ണറുമായി ചേർന്ന് കോട്ടയം കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം തുടങ്ങിയത്. തൊട്ടടുത്ത വർഷം അവിടെ നിന്ന് മാറി സ്വന്തം സ്ഥാപനം തുടങ്ങി. ആ വർഷം തന്നെ എനിക്ക് ഒരുപാട് അഡ്മിഷൻ കിട്ടി. എന്നാൽ എന്റെ പഴയ പാർട്ണറിന് അഡ്മിഷനൊക്കെ കുറവായിരുന്നു. പിന്നാലെ, ഞാൻ പണം നൽകാനുണ്ടെന്നെല്ലാം പറഞ്ഞ് അദ്ദേഹം പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലാത്തതിനാൽ അത് കാര്യമായില്ല. 

ഇതിനെല്ലാം ശേഷമാണ് പെൺകുട്ടി എനിക്കെതിരെ പരാതി നൽകുന്നത്. അവളുമായി ഇഷ്ടത്തിലായിരുന്ന പയ്യൻ‌ അവളെ മർദിച്ച് ഭീഷണിപ്പെടുത്തിയാണ് എനിക്കെതിരെ പരാതി കൊടുപ്പിച്ചത്. കേസിന് പിന്നിൽ പലതരം സമ്മർദങ്ങളും ഒരുപാട് പേരുമുണ്ട്. അതാരാണെന്നെല്ലാം എനിക്കറിയാം. പക്ഷേ, അതൊന്നും പുറത്ത് പറയാൻ ഞാൻ‌ ആഗ്രഹിക്കുന്നില്ല. 

തെളിവെടുപ്പിന് പോയപ്പോൾ പോലും പൊലീസ് എന്നോട് ഒന്നും ചോദിച്ചിരുന്നില്ല. അവർക്ക് ഇഷ്ടമുള്ള പോലെ എഴുതിപ്പിടിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ‘‘നീയങ്ങ് സമ്മതിച്ചേക്ക്’’ എന്നാണ് പൊലീസ് പറഞ്ഞത്. പക്ഷേ, തലപോയാലും ചെയ്യാത്ത കുറ്റം സമ്മതിക്കില്ല എന്നാണ് ഞാൻ അന്ന് പറഞ്ഞത്.

കൂട്ടുകാരികൾ വഴി എന്നെ വിളിച്ചു, ക്ഷമാപണം നടത്തി വർഷങ്ങൾക്കു ശേഷം കൂട്ടുകാരികളുമായി സംസാരിക്കുമ്പോഴാണ് എനിക്കെതിരെ പരാതി നൽകിയ പെൺകുട്ടി ഞാൻ ഇപ്പോഴും ആ കേസിന്റെ പുറകിലാണെന്ന് മനസ്സിലാക്കിയത്. കേസിൽ കുറച്ച് കാലം മുൻപ് ഞാൻ സ്റ്റേ വാങ്ങിയതു കൊണ്ട് കേസ് തീർന്നെന്നാണ് അവൾ കരുതിയത്. എന്നാൽ 7 വർഷമായി, ഞാൻ ചെയ്യാത്ത കുറ്റത്തിന് പ്രതിയാണെന്നറിഞ്ഞപ്പോഴാണ് അവൾ കൂട്ടുകാരികളോട് എല്ലാം തുറന്നു പറഞ്ഞത്. 

പെൺകുട്ടിയുടെ ആൺസുഹൃത്താണ് എല്ലാത്തിനും പിന്നിലെന്നും മർദിച്ചാണ് വെള്ള പേപ്പറിൽ ഒപ്പിടീച്ചതെന്നും അവന്റെ പിന്നിൽ ആരാണെന്ന് അറിയില്ലെന്നും അവൾ പറഞ്ഞു. സഹികെട്ടാണ് പരാതിയിൽ ഒപ്പിട്ടു കൊടുത്തതെന്നും പിന്നാലെ അവൻ തന്നെ ഉപേക്ഷിച്ചെന്നും അവൾ കൂട്ടുകാരികളോട് പറഞ്ഞു.  എന്നോട് ക്ഷമ പറയണമെന്നാണ് അവൾ ആദ്യം കൂട്ടുകാരികളോട് പറഞ്ഞത്. എന്നാൽ‌ എനിക്ക് അതിനൊന്നും താൽപര്യമില്ലായിരുന്നു. 

തെറ്റ് ചെയ്തെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് ഞാൻ അവരോട് പറഞ്ഞത്. പിന്നാലെ കോടതിയിൽ വച്ച്, ഞാൻ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും സംഭവം നടന്നെന്ന് പറ‍ഞ്ഞ ദിവസം ട്രെയിനിൽ ഒരുമിച്ച് സഞ്ചരിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴി നൽകി. പിന്നാലെയാണ് കോടതി എന്നെ കുറ്റവിമുക്തനാക്കിയത്. അതിനു ശേഷവും ആ പെൺകുട്ടി കൂട്ടുകാരികൾ വഴി എന്നെ ബന്ധപ്പെട്ടിരുന്നു. 

എന്നോടു മാപ്പ് പറയണമെന്ന് വീണ്ടും പറഞ്ഞു. എന്റെ വീടിന്റെ അടുത്തുള്ള പള്ളിയിൽ ധ്യാനം നടക്കുന്ന സമയത്ത്  ജനങ്ങൾക്ക് മുന്നിൽ  വന്നാണ് അവള്‍ മാപ്പ് പറഞ്ഞത്.ഒരിക്കലും മറക്കില്ല, മുഖം താഴ്ത്തി നടന്നത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് ആ 7 വർഷങ്ങൾ. ഒരുപാട് അപമാനം സഹിച്ചു. എന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പത്ര മാധ്യമങ്ങളിലെല്ലാം വാർത്ത വന്നിരുന്നു. 

വാട്സാപ്, ഫെയ്സ്ബുക് തുടങ്ങി എല്ലായിടത്തും എന്റെ പടവും വാർത്തയും വന്നു തുടങ്ങി. പിന്നാലെ വീട്ടിലും കോളജിലും പൊലീസ് റെയ്ഡിനെത്തി. കേളജിലെ പലരെയും ചോദ്യം ചെയ്തു. പിങ്ക് പൊലീസും പിന്നാലെ എത്തി. കോളജിലെ പെൺകുട്ടികളെയെല്ലാം ചോദ്യം ചെയ്തു. എനിക്ക് പിന്നെ അവരുടെ മുഖത്ത് പോലും നോക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. തലതാഴ്ത്തി നടക്കേണ്ടി വന്നു. വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ ഇവരെയൊക്കെ ചോദ്യം ചെയ്തെങ്കിലും സാർ അങ്ങനെ ചെയ്യില്ലെന്നാണ് പലരും പറഞ്ഞത്. 

പലരുടെയും വീടുകളിൽ പോലും പോയി പൊലീസ് ചോദ്യം ചെയ്തു. ഞാൻ അങ്ങനെ ചെയ്യില്ലെന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും പൊലീസ് കാര്യമാക്കിയില്ല. ഒരു മാസം കോട്ടയം ജില്ലാ ജയിലിൽ ആയിരുന്നു. ജയിലിൽ വച്ച് പല തവണ പലരും ഉപദ്രവിച്ചിരുന്നു. പീഡനക്കേസിലെ പ്രതിയായതു കൊണ്ട് ഉപദ്രവിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ടായിരുന്നു. ജയിലിൽ മാത്രമല്ല, ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സ്റ്റേഷനിൽ വച്ച് പൊലീസുകാരും ഉപദ്രവിച്ചിരുന്നു. ആ ദിവസങ്ങളെ പറ്റി ഓർക്കാൻ പോലും തോന്നുന്നില്ല. 

ഭാര്യയും 2 മക്കളുമാണ് എനിക്കുള്ളത്. മൂത്ത കുട്ടി രണ്ടാം ക്ലാസിലാണ്. ഇളയ കുട്ടി ജനിച്ച് 7 മാസം പ്രായമുള്ളപ്പോഴാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. മക്കളുടെ മുഖം പോലും കാണാതെ ആ ജയിലിൽ കിടന്നത് വല്ലാത്തൊരു അനുഭവമായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ആത്മഹത്യ ചെയ്യണം എന്നത് മാത്രമായിരുന്നു ചിന്ത. പക്ഷേ, അന്ന് എന്റെ ഭാര്യ ഒപ്പം നിന്നതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. 

ഭാര്യയ്ക്ക് ഞാൻ നിരപരാധിയാണെന്ന് ഉറപ്പുണ്ടായിരുന്നു. അതാണ് ഇപ്പോൾ സത്യമായതും. പിന്നെ, ഞാൻ ആത്മഹത്യ ചെയ്താൽ സമൂഹം എന്നും എന്നെ ഒരു തെറ്റുകാരനായി മാത്രമേ കാണൂ എന്ന ചിന്ത ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇനിയും ജീവിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചത്.

പരാതി കൊടുക്കാനില്ല, ഞാൻ അനുഭവിച്ചത് എനിക്കറിയാം ആ പെൺകുട്ടിക്കെതിരെ പരാതി കൊടുക്കുന്നില്ലേ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. പക്ഷേ, ഞാൻ അതിനൊന്നും ഇല്ല. ജയിലിൽ കിടന്നപ്പോഴും മറ്റുള്ളവരുടെ മുന്നിൽ പ്രതിയായപ്പോഴുമെല്ലാം ഞാൻ ഒരുപാട് സഹിച്ചു. മറ്റൊരാൾ കൂടി അതൊക്കെ അനുഭവിക്കുന്നത് കാണാൻ എനിക്ക് വയ്യ. നമ്മൾ പൊലീസ് പിടിയിലാകുമ്പോൾ നമ്മുടെ കുടുംബമെല്ലാം അനുഭവിക്കുന്നത് എത്രത്തോളമാണെന്ന് ഞാൻ കണ്ടതാണ്. 

അത് അത്ര നല്ല കാര്യമല്ല. ആ പെൺകുട്ടിയും ഇനി അത് അനുഭവിക്കേണ്ട. അവരിപ്പോൾ 2 കുട്ടികളും ഭർത്താവുമെല്ലാമായി കഴിയുകയാണ്. ഞാൻ കേസിലെ പ്രതിയായതിന് പിന്നാലെ എന്നെ  നാട്ടുകാർ വെറുത്തു, ഇടവക്കാർ വെറുത്തു, ഇടവകയിലെ സ്ഥാനങ്ങളിൽ നിന്നെല്ലാം എന്നെ പുറത്താക്കി. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആരും ഒരു സഹായവും ചെയ്തിരുന്നില്ല. വീട്ടുകാർ മാത്രമാണ് എനിക്കൊപ്പമുണ്ടായിരുന്നത്. 7 വർഷത്തോളമാണ് ഒരു തെറ്റും ചെയ്യാതെ ഞാൻ പ്രതിയായത്. അത് എന്റെ ജീവിതമാണ് തകർത്തത്. 

കുറ്റവിമുക്തനായെങ്കിലും കുറ്റക്കാരൻ എന്ന കണ്ണോടെയാണ് പലരും എന്നെ നോക്കുന്നത്. ആ പെൺകുട്ടി ക്ഷമ ചോദിച്ചപ്പോൾ പോലും, പണം കൊടുത്ത് പറയിപ്പിച്ചതല്ലേ എന്നാണ് പലരും ചോദിച്ചത്. ഇപ്പോഴും പലരുടെയും മനസ്സിൽ ഞാൻ‌ കുറ്റക്കാരനാണ്. ഒരിക്കൽ ഒരു കേസിൽപ്പെട്ടാൽ അയാൾ എത്ര തവണ കുറ്റക്കാരനല്ല എന്ന് തെളിയിച്ചിട്ടും കാര്യമില്ല. അയാൾ എന്നും കുറ്റക്കാരൻ തന്നെയായിരിക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !