ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്ത്തകളില്നിറയുകയാണ് വിവാദ ആള്‍ദൈവമായ നിത്യാനന്ദ. ഇന്ത്യയില്‍നിന്ന് മുങ്ങി 'കൈലാസ' എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്ന നിത്യാനന്ദ മരിച്ചതായി കഴിഞ്ഞദിവസം അഭ്യൂഹങ്ങളുണ്ടായിരുന്നു.
സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരനാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഇക്കാര്യം നിഷേധിച്ച് നിത്യാനന്ദയുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തി.നിത്യാനന്ദയുടെ മരണവാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും കൈലാസയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. നിത്യാനന്ദ ജീവിച്ചിരിക്കുന്നതിന്റെ തെളിവായി മാര്‍ച്ച് 30-ന് കൈലാസയില്‍ നടന്ന ഉഗാദി ആഘോഷങ്ങളുടെ ലൈവ് സ്ട്രീം ലിങ്കും കൈലാസയുടെ വെബ്സൈറ്റില്‍ പങ്കുവെച്ചിരുന്നു.
നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെ അദ്ദേഹം തത്സമയം അനുയായികളെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ മൂന്നാംതീയതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലരയ്ക്കാണ് നിത്യാനന്ദ ഓണ്‍ലൈനില്‍ തത്സമയം പ്രഭാഷണം നടത്തുകയെന്നാണ് നിത്യാനന്ദയുടെ പേരിലുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പറയുന്നത്.
1978-ല്‍ തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ രണ്ടായിരത്തിന്റെ തുടക്കത്തിലാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായി മാറുന്നത്. 12-ാം വയസ്സില്‍ രാമകൃഷ്ണ മഠത്തില്‍ ചേരുന്നതോടെയാണ് നിത്യാനന്ദയുടെ 'ആത്മീയജീവിതം' ആരംഭിക്കുന്നത്. 2003-ല്‍ നിത്യാനന്ദ സ്വന്തമായി ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. ബെംഗളൂരുവിലായിരുന്നു ആദ്യത്തെ ആശ്രമം. പിന്നാലെ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും പലയിടങ്ങളിലായി ആശ്രമങ്ങള്‍ സ്ഥാപിക്കുകയുംചെയ്തു.
2010-ല്‍ ഒരു നടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതോടെയാണ് നിത്യാനന്ദ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. നടിക്കൊപ്പമുള്ള സ്വകാര്യവീഡിയോ വന്‍ വിവാദമായി. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും നിത്യാനന്ദയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയെങ്കിലും അതേവര്‍ഷം തന്നെ മറ്റൊരു ബലാത്സംഗക്കേസിലും നിത്യാനന്ദ പ്രതിയായി.
ആത്മീയതയുടെ മറവില്‍ നിത്യാനന്ദ ബലാത്സംഗംചെയ്തെന്ന് ആരോപിച്ച് അമേരിക്കന്‍ വനിതയാണ് പരാതി നല്‍കിയത്. ബലാത്സംഗക്കേസുകളില്‍ പ്രതിയായതോടെ നിത്യാനന്ദ അറസ്റ്റിലാവുകയും ഏതാനുംനാള്‍ ജയിലില്‍ കഴിയുകയുംചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. 2018-ല്‍ ബലാത്സംഗക്കേസിന്റെ വിചാരണ ആരംഭിച്ചെങ്കിലും നിത്യാനന്ദ കോടതിയില്‍ ഹാജരായില്ല.
ഇതിനിടെ, 2019-ല്‍ തങ്ങളുടെ പെണ്മക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഗുജറാത്തിലെ ദമ്പതിമാര്‍ നിത്യാനന്ദക്കെതിരേ പരാതി നല്കി. ഈ കേസില്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് നിത്യാനന്ദ ഇന്ത്യയില്‍നിന്ന് മുങ്ങിയത്. 2018-ല്‍ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിട്ടും നിത്യാനന്ദയ്ക്ക് എങ്ങനെ രാജ്യംവിടാന്‍ കഴിഞ്ഞുവെന്ന ചോദ്യം ബാക്കിയായി. അതേസമയം, നേപ്പാള്‍ അതിര്‍ത്തി വഴിയാണ് നിത്യാനന്ദ ഇന്ത്യയില്‍നിന്ന് മുങ്ങിയതെന്നും ഇവിടെനിന്നാണ് എക്വഡോറിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയില്‍നിന്ന് മുങ്ങിയതിന് പിന്നാലെയാണ് 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ' എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്. എക്വഡോറിലെ ദ്വീപ് വിലയ്ക്കുവാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാഷ്ട്രമായ കൈലാസ സ്ഥാപിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനുശേഷം നിത്യാനന്ദ ഓണ്‍ലൈനില്‍ നിരന്തരം പ്രത്യക്ഷപ്പെട്ട് അനുയായികളെ അഭിസംബോധന ചെയ്യുന്നതും പതിവായിരുന്നു.
ഏകദേശം 20 ലക്ഷത്തോളം പേര് കൈലാസയിലുണ്ടെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയും മന്ത്രിസഭയും ഭരണസംവിധാനങ്ങളുമെല്ലാം കൈലാസയില്‍ സ്ഥാപിച്ചതായും വിവാദ ആള്‍ദൈവം അവകാശപ്പെട്ടിരുന്നു.
ഏകദേശം പതിനായിരം കോടിയോളം രൂപയാണ് നിത്യാനന്ദയ്ക്ക് നേരത്തെ ആസ്തിയായി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ധനികരായ അനുയായികളില്നിന്നടക്കം നിത്യാനന്ദയ്ക്ക് വന്‍തോതില്‍ പണം ലഭിച്ചിരുന്നു. ഇതെല്ലാം ഉപയോഗിച്ചാണ് എക്വഡോറില്‍ ഭൂമി വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.