ലഖ്നൗ; വി.ഡി.സവർക്കറെ അപമാനിച്ചുവെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സമൻസ് നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി.
സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്‌നൗവിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ നടപടി. രാഹുലിന് വേണമെങ്കിൽ ലഖ്നൗ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ പ്രതിയാക്കി സമൻസ് അയച്ച ലഖ്നൗ കോടതി ഉത്തരവിനെതിരെയാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. 2023 ജൂണിൽ തന്റെ പരാതി തള്ളിയതിനെതിരെ പരാതിക്കാരനായ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി അനുവദിച്ച സെഷൻസ് കോടതിയുടെ ഉത്തരവിനെയും രാഹുൽ ഗാന്ധി തന്റെ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.
സമൂഹത്തിൽ വിദ്വേഷം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വിനായക് ദാമോദർ സവർക്കറെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് രാഹുൽ വിളിച്ചതായി ആരോപിച്ച് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ തന്നെയാണ് കോടതിയിൽ പരാതി നൽകിയത്.
സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനാണെന്നും അദ്ദേഹം ബ്രിട്ടീഷുകാരിൽനിന്ന് പെൻഷൻ വാങ്ങിയെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതായാണ് ആരോപണം.
രാഹുൽ ഗാന്ധി സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവസവിശേഷതകളെ ദുർബലപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നു തെളിഞ്ഞതായി ലഖ്‌നൗവിലെ അഡീഷനൽ സിവിൽ ജഡ്ജി അലോക് വർമ്മ ഡിസംബറിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.