കൊച്ചി: രാസലഹരി കേസിലെ എഫ്ഐആര്‍ റദ്ദാക്കാന്‍ നടന് ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. കേസ് റദ്ദാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനുള്ള കൂടിയാലോചനകള്‍ അഭിഭാഷകരുമായി ആരംഭിച്ചതായാണ് വിവരം.
കഴിഞ്ഞദിവസം ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും നിയമനടപടികള്‍ ആരംഭിക്കുക.കഴിഞ്ഞ ദിവസം നടത്തിയ പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു.എന്നാല്‍, വൈദ്യപരിശോധനയ്ക്ക് സ്വയം തയ്യാറായി എത്തിയതില്‍ പോലീസിന് സംശയമുണ്ട്. വൈദ്യപരിശോധനയില്‍ ലഹരി കണ്ടെത്താതിരിക്കാനുള്ള മറുമരുന്ന് അഥവാ ആന്റിഡോട്ടുകള്‍ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം. അങ്ങനെയെങ്കില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താന്‍ പ്രയാസമായിരിക്കും.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ശേഷം ആള് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഷൈനിനെതിരേ നര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ (എന്‍ഡിപിഎസ്) 27, 29 വകുപ്പുകള്‍ പ്രകാരവും ബിഎന്‍എസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പോലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്. എന്നാല്‍, 48 മണിക്കൂറിന് ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നോ അറസ്റ്റുണ്ടാകുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.
ചോദ്യംചെയ്യലില്‍ സിനിമാ മേഖലയില്‍ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നാണ് ഷൈന്‍ പോലീസിന് നല്കിയ മൊഴി. പ്രമുഖരായ പല നടന്മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പഴിമുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണെന്നാണ് ഷൈന്‍ പോലീസിന് നല്കിയ മൊഴി.
അതേസമയം, ഷൈനിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള തുകകൾ വ്യക്തികള്‍ക്ക് കൈമാറിയ ഇടപാടുകളാണ് പോലീസ് സംശയിക്കുന്നത്. ഇത് ഓരോ വ്യക്തികള്‍ക്കായി അയച്ചിട്ടുള്ള പണമാണ്.
ഏതെങ്കിലും കടകളിലോ മറ്റ് ആവശ്യങ്ങള്‍ക്കോ നല്‍കിയതല്ലെന്ന സംശയത്തിലാണ് പോലീസ്. ഈ ഇടപാടുകള്‍ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍, താന്‍ പലര്‍ക്കും കടം കൊടുക്കാറുണ്ടെന്നും അത്തരത്തില്‍ കടം കൊടുത്ത പണമാണിതെന്നുമാണ് ഷൈനിന്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.