ആലപ്പുഴ ;മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിയാക്കി എസ്എഫ്ഐഒ കേസെടുത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം.
യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ പുരുഷ പൊലീസ് മർദിച്ചതിൽ ക്ഷുഭിതരായ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. തുടർന്നു പൊലീസ് ലാത്തി വീശിയതിനെത്തുടർന്ന് 2 വനിതാ നേതാക്കളടക്കം 3 പേർക്കു പരുക്കേറ്റു. റോഡ് ഉപരോധിച്ചതിനെത്തുടർന്നു 12 മുതൽ 1.30 വരെ ഗതാഗതം മുടങ്ങി.യൂത്ത് കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം പ്രസിഡന്റ് രാഹുൽ കവിരാജ്, കായംകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഗായത്രി എസ്.പിള്ള, ആലപ്പുഴ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രജിഷ വിനോദ് എന്നിവർക്കാണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് പോകും വഴി രാഹുലിനും ഗായത്രിക്കും വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഇരുവരെയും ഹരിപ്പാട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജിഷ വിനോദ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ 12ന് ടൗൺ ഹാളിൽ നിന്നു തുടങ്ങിയ മാർച്ച് കലക്ടറേറ്റിൽ എത്തുന്നതിനു മുൻപ് പൊലീസ് തടഞ്ഞു. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർ ബാരിക്കേഡ് തകർത്ത് കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തികൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മീനു സജീവനെ കുത്തി.
ഷാളിൽ പിടിച്ചു വലിച്ച് താഴെയിട്ടു. ഇതിൽ ക്ഷുഭിതരായ ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളുമായി. ഇതിനിടെ സൗത്ത് എസ്ച്ച്ഒ കെ.ശ്രീജിത്തും ഇരുപതോളം പൊലീസുകാരും പ്രവർത്തകർക്കു നേരെ ലാത്തി വീശി. മുദ്രാവാക്യം വിളിച്ച് തിരികെപ്പോയ പ്രവർത്തകർ വെള്ളക്കിണർ ജംക്‌ഷനിൽ റോഡ് ഉപരോധിച്ചു. എട്ടുപേരെ അറസ്റ്റു ചെയ്തു നീക്കി.
വീണാ വിജയന്റെ അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഏജന്റാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മീനു സജീവ്, മിഥുൻ മയൂരം, റെജിൻ ഉണ്ണിത്താൻ, അജിമോൻ കണ്ടല്ലൂർ, സുഹൈർ വള്ളികുന്നം, അജയ് ജ്യുവൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, ഗംഗ ശങ്കർ, ദീപക് എരുവ, സജിൽ ഷരീഫ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.