ലണ്ടൻ; തെക്കൻ ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ ട്രെയിനുകളിൽ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെൺകുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചിൽ നടത്തുന്നു.
കഴിഞ്ഞ മാർച്ച് 18ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ ഉൾപ്പെട്ടതായി വിശ്വസിക്കുന്ന മൂന്ന് പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് പുറത്തുവിട്ടു.ആദ്യ സംഭവം രാത്രി 9.30 ഓടെ ലണ്ടൻ ബ്രിഡ്ജിൽ നിന്ന് വൂൾവിച്ച് ആഴ്സനലിലേക്ക് പോവുകയായിരുന്ന ഒരു വയോധികന് നേരെയായിരുന്നു. മൂന്ന് പെൺകുട്ടികളുടെ സംഘം പ്രകോപനമില്ലാതെ വയോധികനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഏകദേശം ഒരു മണിക്കൂറിന് ശേഷം, രാത്രി 11 മണിയോടെ, ലണ്ടൻ ബ്രിഡ്ജിൽ നിന്ന് എറിത്തിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിൽ ഒരു വയോധികയെയും സംഘം ലക്ഷ്യമിട്ടു. പെൺകുട്ടികളിൽ ഒരാൾ ഇയാളെ സമീപിച്ച് ആക്രമണം നടത്തുകയായിരുന്നു. സഹായിക്കാനെത്തിയ മറ്റൊരു സ്ത്രീ യാത്രക്കാരിയെയും അക്രമി ആക്രമിച്ചു. ഈ രണ്ട് ഞെട്ടിക്കുന്ന സംഭവങ്ങളിലും ഒരു സംഘം തന്നെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വിശ്വസിക്കുന്നു.
ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് പൊലീസ്. പിങ്ക് ടോപ്പും ഫ്ലഫി ഹൂഡോടുകൂടിയ കറുത്ത പാർക്കയും ധരിച്ച ഒരു പെൺകുട്ടിയും, വലത് കയ്യിൽ ചുവന്ന ലോഗോയുള്ള കറുത്ത ജാക്കറ്റും ഗ്രേ ട്രൗസറും കറുത്ത ഷൂസും ധരിച്ച മറ്റൊരാളും, ഗ്രേ ട്രാക്ക് സ്യൂട്ടിന് മുകളിൽ കറുത്ത ജാക്കറ്റ് ധരിച്ച മൂന്നാമത്തെ പെൺകുട്ടിയുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് അഭ്യർഥിച്ചു. റെയിൽ നെറ്റ്‌വർക്കിൽ ഇത്തരം പെരുമാറ്റം അനുവദിക്കില്ലെന്നും ദൃശ്യങ്ങളിലുള്ള പെൺകുട്ടികളെ തിരിച്ചറിയുന്ന ആരെങ്കിലും 61016 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്യുകയോ 0800 40 50 40 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്നും പൊലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവർ 770 എന്ന റെഫറൻസ് നമ്പർ ഓർക്കുക. കൂടാതെ, 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്സിനെ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.