ശ്രീനഗർ; ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ തിരികെയെത്തി. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.ഭീകരാക്രമണ വാർത്ത വിവരം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകൾ നടത്തിയിരുന്നു.അഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗറിലേക്ക് അയയ്ക്കുകയും സ്ഥിതിഗതികളുടെ വിലയിരുത്തൽ നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതലയോഗം ചേർന്നതും സുരക്ഷാ ഏജൻസി മേധാവികളുമായി അമിത് ഷാ ചർച്ച നടത്തിയതും.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ നിന്ന് അധിക വിമാന സർവീസുകൾ നടത്തും. വിനോദ സഞ്ചാരികൾക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി പ്രത്യേക ഹെൽപ്ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്. അനന്ത്നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗർ: 01942457543, 01942483651,7006058623 ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്.
കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നർവലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഓഫിസർ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം.
പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ഉത്തരവാദിത്തമേറ്റു. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.