തൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ പിടിയിൽ. ഓസ്റ്റിൻ ഓഗ്‌ബ എന്ന നൈജീരിയൻ പൗരനെയാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്. മുംബൈ പൊലീസിന്‍റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈസ്റ്റ് മുംബെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
2023 മാർച്ച് ഒന്നിനാണ് സംഭവത്തിന്‍റെ തുടക്കം. തൃശൂർ സ്വദേശി ഫേസ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. താൻ സിറിയയിൽ യുദ്ധം ഉണ്ടായപ്പോൾ രക്ഷപ്പെട്ട് തുർക്കിയിൽ വന്നതാണ് എന്നും കൈവശമുണ്ടായിരുന്ന യു.എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ രണ്ട് ബോക്‌സുകൾ ഈജിപ്‌തിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും പ്രതി പറഞ്ഞു. ഇവ ഇന്ത്യയിൽ എത്തിച്ച് നൽകാമെന്നും ബോക്‌സുകൾ കൊണ്ടുവരാൻ പ്രമാണങ്ങളുടെ ചെലവിലേക്ക് പണം അയക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് 1.90 കോടി രൂപ അയച്ച് നൽകിയത്. പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ തൃശൂർ സ്വദേശി ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് അസി. കമീഷണർ വൈ. നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷിച്ചത്.
തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്‍റെ പ്രത്യേക മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പണം അയച്ച രേഖകളും ഫേസ്ബുക്കുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. പ്രതികളിലൊരാളെ ബാംഗളൂരിൽവെച്ച് കണ്ടുമുട്ടിയതുമായി ബന്ധപെട്ട വിവരങ്ങളും പ്രതി സഞ്ചരിച്ച ഫ്ലൈറ്റുകളുടെ പാസഞ്ചേഴ്‌സ് മാനിഫെസ്റ്റോയും പരിശോധിച്ചു. അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പിലെ സംഘമാണ് ഇതിന് പിന്നിലെന്ന് മനസ്സിലായി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റു പ്രതികളെ നിരീക്ഷിച്ച് അന്വേഷണം നടക്കുകയാണ്.
അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ സുധീഷ്‌കുമാർ, സി. ബ്രാഞ്ച് സബ് ഇൻസ്പെക്‌ടർ വിനോദ് കെ.ആർ., സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് ശങ്കർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.