കോട്ടയം: അഭിഭാഷകയും രണ്ട് പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം. ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും അഭിഭാഷക മാനസികപീഡനം നേരിട്ടിരുന്നതായും ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ഭര്‍തൃവീട്ടില്‍ നടന്നത് എന്താണെന്ന് പുറം ലോകമറിയണമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ(5), പൊന്നു(1) എന്നിവരുടെ മരണത്തിലാണ് ജിസ്മോളുടെ പിതാവ് പി.കെ. തോമസും സഹോദരന് ജിറ്റു പി. തോമസും പരാതിയുമായി രംഗത്തെത്തിയത്.യുകെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു. ഫോണെടുത്തില്ല. അവളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരുദിവസം മകളുടെ തലയില്‍ ഒരു പാട് ഉണ്ടായിരുന്നു. ചോദിച്ചപ്പോള്‍ വാതിലില്‍ തല തട്ടിയതാണെന്ന് പറഞ്ഞു. പിന്നീടാണ് ഭര്‍ത്താവ് മര്‍ദിച്ചതാണെന്ന് വെളിപ്പെടുത്തിയത്. എന്താണ് നേരത്തെ പറയാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ പപ്പ അവിടെവന്ന് വഴക്കുണ്ടാകുമെന്ന് കരുതിയാണ് പറയാതിരുന്നതെന്നാണ് മകള്‍ മറുപടി നല്‍കിയത്.
പപ്പ ഇക്കാര്യം ചോദിച്ച് വിളിച്ചാല്‍ പിന്നെ തനിക്ക് അവിടെ നില്ക്കാന് പറ്റില്ലെന്നും അന്ന് മകള്‍ പറഞ്ഞിരുന്നു. ഭര്‍തൃവീട്ടില്‍ നേരത്തേയും ജിസ്മോള്‍ക്ക് പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.''അന്ന് ഭര്‍ത്താവിനെയും കുട്ടികളെയും കൂട്ടി വിമാനയാത്ര ചെയ്യാനുള്ള ആഗ്രഹമെല്ലാം പങ്കുവെച്ചിരുന്നു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് എന്തെങ്കിലും വിഷമംവന്നാല്‍ ഞാന്‍ ആദ്യം വിളിക്കുന്നത് ചേച്ചിയെയാണ്. എന്റെ ഭാര്യ കഴിഞ്ഞ ഞായറാഴ്ചയാണ് ചേച്ചിയെ അവസാനം വിളിച്ചത്.
അന്ന് ചേച്ചിയുടെ സുഹൃത്തിന്റെ കല്യാണത്തിന് പോയിവന്ന് ക്ഷീണിച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആ വീട്ടില്‍ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. അത് കണ്ടുപിടിക്കണം. സംഭവത്തില്‍ ജിസ്മോളുടെ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. ഭര്‍ത്താവ് ജിമ്മി, ജിമ്മിയുടെ മൂത്തസഹോദരി, ഭര്‍തൃമാതാവ് എന്നിവരില്‍നിന്നെല്ലാം ജിസ്മോള്‍ക്ക് മാനസികപീഡനം നേരിടേണ്ടിവന്നു. ജിമ്മി പലപ്പോഴും കുത്തുവാക്കുകള്‍ പറഞ്ഞ് നോവിച്ചു.
അഭിഭാഷകയായ ചേച്ചി ഓഫീസ് തുടങ്ങിയതിന് ഭര്‍ത്താവ് പൈസ കൊടുത്തിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ പൈസ തിരികെ ആവശ്യപ്പെട്ടു തുടങ്ങി. ഒടുവില്‍ ഒരു കേസ് കഴിഞ്ഞ് ചേച്ചി ആ പൈസ തിരികെ കൊടുത്തു. ചേച്ചിയെ ഞങ്ങളുടെ ബന്ധുക്കളുടെ വീടുകളിലെ ചടങ്ങുകളിലേക്കൊന്നും ഭര്‍ത്താവ് പറഞ്ഞുവിട്ടിരുന്നില്ല. പലപ്പോഴും എന്തെങ്കിലും കള്ളം പറഞ്ഞാണ് ഞാന്‍ ചേച്ചിയെ കൂട്ടിക്കൊണ്ടുവരാറുള്ളത്.
ചേച്ചിയുടെ രണ്ടാമത്തെ കുട്ടിയുണ്ടായ സമയത്ത് മെസേജ് അയച്ചിരുന്നു. കുറച്ചു പൈസ അയക്കണം. അത് പപ്പയുടെ കൈയില്‍ കൊടുത്തുവിടണം. വീട്ടില്‍ ജോലിക്കാരിയുണ്ട്. അവര്‍ക്ക് ആദ്യമാസം ശമ്പളം കൊടുക്കേണ്ടത് നമ്മുടെ കടമയാണ് എന്നാണ് ചേച്ചി പറഞ്ഞത്.
ചേച്ചി മനംനൊന്താണ് അന്ന് പൈസ ചോദിച്ചത്. കല്യാണം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ മുതല്‍ മാനസികപീഡനം നേരിട്ടിരുന്നു. ജിമ്മിയുടെ മൂത്തസഹോദരി കല്യാണം കഴിഞ്ഞിട്ടും ചേച്ചി താമസിച്ചിരുന്ന ഭര്‍തൃവീട്ടിലാണ് താമസിച്ചിരുന്നത്. അവര്‍ക്കും ഇതില്‍ പങ്കുണ്ട്. ചേച്ചിയുടെ ഭര്‍തൃമാതാവും മാനസികമായി പീഡിപ്പിച്ചു. അവര്‍ ജിസ്മോളുടെ മക്കളെയും ജിസ്മോളുടെ ഭര്‍തൃസഹോദരിയുടെ മക്കളെയും രണ്ടായിതന്നെയാണ് കണ്ടത്'', സഹോദരന് ആരോപിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് ജിസ്മോളും രണ്ടുമക്കളും മീനച്ചിലാറ്റില്‍ ചാടി മരിച്ചത്. പുന്നത്തുറ പള്ളിക്കുന്ന് ഭാഗത്തായിരുന്നു സംഭവം. കണ്ണമ്പൂരക്കടവില് ആറ്റിലൂടെ കുട്ടികള്‍ ഒഴുകിപ്പോകുന്നതാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പുഴയിലിറങ്ങി കുട്ടികളെ കരയ്ക്കെത്തിച്ചു. ആറുമാനൂര്‍ ഭാഗത്ത് ആറ്റിറമ്പില്നിന്ന് അമ്മയെയും കണ്ടെത്തി. ഉടന്‍ ഇവരെ തെള്ളകത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂവരുടെയും മരണം സ്ഥിരീകരിച്ചു.
ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്മോള്‍ വീട്ടില്‍വെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജിസ്മോളുടെ കൈത്തണ്ട മുറിച്ചനിലയിലായിരുന്നു. വീടിനുള്ളില്‍ അണുനാശിനി പരന്നൊഴുകിയ നിലയിലുണ്ട്. ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തി. വീട്ടിലെ മുറിക്കുള്ളില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ജിസ്മോള്‍ പാലാ കോടതിയിലും ഹൈക്കോടതിയിലുമായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. സ്വകാര്യബസ് ഉടമയും കാരിത്താസ് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ എന്‍ജീനിയറുമാണ് ഭര്‍ത്താവ് ജിമ്മി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.