കൊൽക്കത്ത: പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാനുള്ള സമയമായിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‍ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. ‘‘ പാക്കിസ്ഥാൻ ടീമുമായുള്ള സഹകരണം 100 ശതമാനവും നിർത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികൾ എടുക്കണം. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ നടക്കുന്നതു ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല.’’– സൗരവ് ഗാംഗുലി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. 2013ലായിരുന്നു ഇന്ത്യ– പാക്ക് പരമ്പര നടന്നത്. പാക്കിസ്ഥാൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലാണു നടത്തിയത്. ബിസിസിഐയുടെ കടുംപിടിത്തത്തെ തുടർന്നായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയുടെ കളികൾ ദുബായിൽ നടത്താൻ സമ്മതിച്ചത്.അതേസമയം ഇന്ത്യയിലേക്ക് ഇനി കളിക്കാൻ പോകില്ലെന്ന നിബന്ധന പാക്കിസ്ഥാൻ ഐസിസിക്കു മുന്നിൽ വച്ചിരുന്നു. ഇന്ത്യയിൽ നടക്കുന്ന വനിതാ ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദിയിൽ നടത്തേണ്ടിവരും. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇനി ഒരിക്കലും പാക്കിസ്ഥാനുമായുള്ള പരമ്പരകൾ സംഭവിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചിരുന്നു. നിലവിൽ ഐസിസി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലുമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.