34 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ 57 സ്ഥലംമാറ്റങ്ങൾ നേരിട്ട, സത്യസന്ധതയ്ക്ക് പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേംക ബുധനാഴ്ച വിരമിക്കും. 1991 ബാച്ച് ഉദ്യോഗസ്ഥനായ അശോക് ഗതാഗത വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി എന്ന പദവിയിൽ നിന്നാണ് വിരമിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തെ ഇപ്പോഴത്തെ തസ്തികയിലേക്ക് മാറ്റി നിയമിച്ചത്.കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുമായി ബന്ധപ്പെട്ട ഗുരുഗ്രാമിലെ ഭൂമിയിടപാടിന്റെ പോക്കുവരവ് റദ്ദാക്കിയതോടെയാണ് 2012-ൽ ഹരിയാണ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ശ്രദ്ധിക്കപ്പെട്ടത്.
1965 ഏപ്രിൽ 30-ന് കൊൽക്കത്തയിൽ ജനിച്ച അശോക് 1988-ൽ ഐഐടി ഖരഗ്പൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങിൽ ബിരുദം (ബി.ടെക്) നേടി. തുടർന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടിഐഎഫ്ആർ) നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഫിനാൻസിലും എംബിഎയും കരസ്ഥമാക്കി. സർവീസിലിരിക്കെ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കി.മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ആദ്യ കാലയളവിൽ ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സ്ഥലം മാറ്റപ്പെട്ട് ഏകദേശം 10 വർഷത്തിന് ശേഷമാണ് അശോക് ഗതാഗത വകുപ്പിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് മന്ത്രി അനിൽ വിജ് കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിലെത്തിയത്. ട്രാൻസ്പോർട്ട് കമ്മീഷണറായി വെറും നാല് മാസത്തിനുള്ളിലാണ് അശോകിന് സ്ഥലംമാറ്റമുണ്ടായത്.കഴിഞ്ഞ 12 വർഷത്തിലേറെയായി 'പ്രാധാന്യം കുറഞ്ഞ' എന്ന് കരുതപ്പെടുന്ന വകുപ്പുകളിലാണ് അശോകിനെ നിയമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ശരാശരി ഓരോ ആറു മാസത്തിലും അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. നാല് തവണയാണ് ആർക്കൈവ്സ് വകുപ്പിലെത്തിയത്. ഇതിൽ മൂന്ന് തവണയും ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്തായിരുന്നു. ആർക്കൈവ്സ് വകുപ്പിന്റെ ഡയറക്ടർ ജനറലായും പിന്നീട് പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കെ 2013-ലാണ് അദ്ദേഹത്തെ ആദ്യമായി ഈ വകുപ്പിലേക്ക് മാറ്റിയത്.2023-ൽ മനോഹർ ലാൽ ഖട്ടറിന് കത്തെഴുതുകയും വിജിലൻസ് വകുപ്പിൽ പ്രവർത്തിച്ച് അഴിമതി വേരോടെ പിഴുതെറിയാൻ' അവസരം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 'ജോലിയുടെ അസന്തുലിതമായ വിതരണം പൊതുതാത്പര്യത്തിന് ഉതകുന്നതല്ല. എന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനത്തിൽ, അഴിമതി തുടച്ചുനീക്കുന്നതിനായി വിജിലൻസ് വകുപ്പിനെ നയിക്കാൻ ഞാൻ എന്റെ സേവനം വാഗ്ദാനം ചെയ്യുന്നു. അവസരം ലഭിച്ചാൽ, അഴിമതിക്കെതിരെ ഒരു യഥാർത്ഥ യുദ്ധമുണ്ടാകുമെന്നും എത്ര ഉന്നതനായാലും ആരെയും വെറുതെ വിടില്ലെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.' ഖട്ടറിന് എഴുതിയ കത്തിൽ അശോക് പറയുന്നു.34 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ 57 സ്ഥലംമാറ്റങ്ങൾ നേരിട്ട അശോക് ഖേംക ബുധനാഴ്ച വിരമിക്കും
0
ബുധനാഴ്ച, ഏപ്രിൽ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.